ഹാര്‍ദ്ദിക്, സഞ്ജു, ജഡേജ, ചോദ്യങ്ങള്‍ നിരവധി, എല്ലാം വിശദീകരിക്കാന്‍ ഗംഭീറും അഗാര്‍ക്കറും; വാർത്താസമ്മേളനം ഉടൻ
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി ചുമതലയേറ്റെടുത്തതിന് ശേഷമുള്ള ഗൗതം ഗംഭീറിന്‍റെ ആദ്യ വാര്‍ത്താ സമ്മേളനം ഇന്ന്. ശ്രീലങ്കന്‍ പര്യടനത്തിന് ടീം പുറപ്പെടും മുന്പ് രാവിലെ പത്തിനാണ് വാര്‍ത്താസമ്മേളനം. ചീഫ് സെലക്ടര്‍ അജിത് അഗാക്കറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും. ലങ്കന്‍ പര്യടനത്തിലെ ടീം തിരഞ്ഞെടുപ്പിനെ പറ്റി ഗംഭീര്‍ സംസാരിക്കും. 27നാണ് ശ്രീലങ്കയ്ക്കെതിരായ ടി20 മത്സരങ്ങള്‍ ആരംഭിക്കുന്നത്.
രോഹിത്തിന്‍റെ അഭാവത്തില്‍ ലോകകപ്പിന് മുമ്പ് ക്യാപ്റ്റനും ലോകകപ്പിൽ രോഹിത് ശര്‍മക്ക് കീഴില്‍ വൈസ് ക്യാപ്റ്റനും ക്യാപ്റ്റനുമായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയെ എന്തുകൊണ്ട് ടി20 ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിച്ചില്ല എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാവും ഗംഭീറിനും അഗാര്‍ക്കര്‍ക്കും മുന്നിലെ പ്രധാന വെല്ലുവിളി. ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരയില്‍ ശുഭ്മാന്‍ ഗില്ലിനെയാണ് വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. ടി20 പരമ്പരയില്‍ സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാക്കുകയും ചെയ്തു.
ഹാര്‍ദ്ദിക്കിനെ ടി20 ടീമില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ചുറി നേടിയ മലയാളി താരം സഞ്ജു സാംസണെ എന്തുകൊണ്ട് ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കിയെന്ന ചോദ്യത്തിനും ഗംഭീറും അഗാര്‍ക്കറും വിശദീകരണം നല്‍കേണ്ടിവരും. അതുപോലെ സിംബാബ്‌വെയില്‍ തിളങ്ങിയ അഭിഷേക് ശര്‍മ, റുതുരാജ് ഗെയ്ക്‌വാദ് എന്നിവരെ പൂര്‍ണമായും അവഗണിച്ചതിനെക്കുറിച്ചും ചോദ്യങ്ങളുയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രവീന്ദ്ര ജഡേജയെ എന്തുകൊണ്ട് ഏകദിന ടീമിലേക്ക് പരിഗണിച്ചില്ലെന്നതും വിശദീകരിക്കേണ്ടിവരും.
ഏകദിന ടീമിനെ രോഹിത് ശര്‍മയാണ് നയിക്കുന്നത്. സീനിയര്‍ താരം വിരാട് കോലിയും ഏകദിന ടീമിലുണ്ട്. ശ്രീലങ്കക്കെതിരെ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യും അടങ്ങുന്ന പരമ്പരയിലാണ് ഇന്ത്യ കളിക്കുന്നത്. 27നാണ് ടി20 പരമ്പര തുടങ്ങുന്നത്. സഞ്ജു സാംസണ്‍ ടി20 പരമ്പരക്കുള്ള ടീമിലുണ്ട്.