പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ കമലാ ഹാരിസിന് സാധ്യതയേറുന്നു; കമലയ്ക്കും ട്രംപിനെതിരെ കാര്യമായ മുന്നേറ്റം നടത്താനാകില്ലെന്ന് സര്‍വെ ഫലങ്ങള്‍
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായുള്ള മത്സരത്തില്‍ നിന്ന് നിലവിലെ പ്രസിഡന്റ് ജോ ബൈഡന്‍ പിന്മാറിയതോടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് സാധ്യതയേറുന്നു. പ്രസിഡന്റ് ജോ ബൈഡന്റെ പിന്തുണ കമലയ്ക്കാണെന്ന് ഉറപ്പായതോടെ മറ്റ് നേതാക്കളേക്കാള്‍ കമലയ്ക്ക് മേല്‍ക്കൈ ലഭിക്കുകയാണ്. അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റും വെള്ളക്കാരിയല്ലാത്ത ആദ്യ വൈസ് പ്രസിഡന്റുമാണ് കമലാ ഹാരിസ്. എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെിരെ ബൈഡനേക്കാള്‍ വളരെ മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാന്‍ കമലയ്ക്കും കഴിയില്ലെന്നാണ് പോസ്റ്റ് ഡിബേറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്
വാഷിംഗ് ടണ്‍ പോസ്റ്റിന്റെ സര്‍വെ ഫലങ്ങള്‍ പ്രകാരം ബൈഡനെതിരെ ട്രംപ് 1.9 പോയിന്റുകള്‍ക്ക് മുന്നിലാണ്. ബൈഡന് പകരം കമലയെത്തിയാലും ട്രംപ് 1.5 പോയിന്റുകള്‍ക്ക് തന്നെ മുന്നിലെത്തുമെന്നാണ് സര്‍വെ ഫലങ്ങള്‍ തെളിയിക്കുന്നത്. ബൈഡന്‍ മാറി നില്‍ക്കുകയും പകരം കമല വരുകയും ചെയ്യുന്നത് കൂടുതല്‍ തൃപ്തികരമാണെന്ന് 70 ശതമാനം ഡെമോക്രാറ്റുകളും ഡെമോക്രാറ്റിക് പാര്‍ട്ടി അനുകൂലികളായ സ്വതന്ത്രരും അഭിപ്രായപ്പെട്ടതായി വാഷിംഗ്ടണ്‍-പോസ്റ്റ്- എബിസി ന്യൂസ് ഐപോസ് പോള്‍ ഫലങ്ങള്‍ പറയുന്നു. സര്‍വെയില്‍ 7 ശതമാനം പേര്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസമിന്റെ പേരും 4 ശതമാനം പേര്‍ മിഷേല്‍ ഒബാമയുടെ പേരും നിര്‍ദേശിക്കുന്നുണ്ട്.
ബൈഡന്‍-ട്രംപ് പോരാട്ടത്തിന് ബൈഡന്റെ പിന്മാറ്റം ഏറെക്കുറെ പരാജയത്തിന് തുല്യമാണ്. ദി അസോസിയേറ്റഡ് പ്രസ്, എന്‍ഒആര്‍സി സെന്റര്‍ ഫോര്‍ പബ്ലിക് അഫയേര്‍സ് റിസര്‍ച്ച് എന്നിവരുടെ പഠനത്തില്‍ 65% ഡെമോക്രാറ്റുകളും ബൈഡന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറണം എന്ന് ആഗ്രഹിച്ചിരുന്നു. പത്തില്‍ വെറും ആറ് പേരാണ് ബൈഡന്റെ മാനസിക നില തൃപ്തികരമാണെന്നും അദ്ദേഹം പ്രസിഡന്റ് സ്ഥാനത്ത് തുടരണം എന്നും ആഗ്രഹിച്ചത്. വരാനിരിക്കുന്ന നാല് മാസത്തില്‍ പൊതുതാത്പര്യം മുന്‍നിര്‍ത്തി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനും ജയിപ്പിച്ച് വൈറ്റ് ഹൗസിന്റെ നിയന്ത്രണം നിലനിര്‍ത്താനും ഡെമോക്രാറ്റുകള്‍ക്ക് സാധിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.