National

മലയാളികൾക്കടക്കം തിരിച്ചടി: തൊഴിൽ സമയം 14 മണിക്കൂറാക്കണമെന്ന് ഐടി കമ്പനികളുടെ ശുപാർശ; നിർദ്ദേശം കർണാടകയിൽ

Spread the love

പതിനായിരക്കണക്കിന് മലയാളികൾ തൊഴിലെടുക്കുന്ന കർണാടകത്തിലെ ഐടി സെക്ടറിൽ തൊഴിൽ സമയം നീട്ടണമെന്ന ശുപാർശയുമായി ഐടി കമ്പനികൾ. 12 മണിക്കൂർ ജോലിയും 2 മണിക്കൂർ ഓവർടൈമും അടക്കം 14 മണിക്കൂർ ആക്കണമെന്നാണ് ശുപാർശ. കർണാടക സർക്കാർ ഷോപ്സ് ആൻ്റ് കമ്മേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻ്റ് നിയമം ഭേദഗതി ചെയ്യാനിരിക്കെയാണ് നിർദ്ദേശം സമർപ്പിച്ചിരിക്കുന്നത്. ശുപാർശ സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് സർക്കാരിൻ്റെ പരിഗണനയിലാണ്. ഇതിനെ ശക്തമായി എതിർത്ത് തൊഴിലാളികൾ രംഗത്ത് വന്നിട്ടുണ്ട്.

നിലവിൽ കർണാടകത്തിലെ ഐടി സ്ഥാപനങ്ങളിൽ ഒൻപത് മണിക്കൂറാണ് തൊഴിൽ സമയം. ഒരു മണിക്കൂർ ഓവർടൈം കൂടി ചേർത്ത് 10 മണിക്കൂറാണ് തൊഴിൽ സമയം. കമ്പനികളുടെ ഭാഗത്ത് നിന്ന് വന്ന പുതിയ നിർദ്ദേശം ഐടി, ഐടിഇഎസ്, ബിപിഒ സെക്ടറുകളിലെ തൊഴിലുകൾക്ക് ബാധകമാവുന്നതാണ്. ദിവസം പരമാവധി 14 മണിക്കൂർ എന്ന നിലയിൽ മൂന്ന് മാസത്തേക്ക് പരമാവധി 125 മണിക്കൂർ തൊഴിൽ സമയം എന്നതാണ് കമ്പനികൾ മുന്നോട്ട് വെക്കുന്ന നിർദ്ദേശം.

എന്നാൽ ഈ നിർദ്ദേശം നടപ്പായാൽ ഐടി സെക്ടറിൽ മൂന്നിലൊന്ന് വിഭാഗം തൊഴിലാളികൾക്കും ജോലി നഷ്ടപ്പെടുമെന്നും കമ്പനികളിൽ 2 ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കുമെന്നും തൊഴിലാളികൾ പറയുന്നു. ഇപ്പോൾ തന്നെ 45% തൊഴിലാളികളും കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്ന, 55 ശതമാനം പേർ ശാരീരിക അസ്വസ്ഥ നേരിടുന്ന കർണാടകത്തിലെ ഐടി സെക്ടറിൽ ഈ നിർദ്ദേശം നടപ്പാക്കിയാൽ വലിയ സാമൂഹിക പ്രത്യാഘാതം ഉണ്ടാകുമെന്നാണ് ഇവരുടെ വാദം.