National

കൻവർ യാത്രാവഴിയിലെ ഹോട്ടലുകളില്‍ ഉടമയുടെ പേര് പ്രദര്‍ശിപ്പിക്കണം, വിവാദം പാര്‍ലമെന്‍റിലെത്തിക്കാന്‍ പ്രതിപക്ഷം

Spread the love

ദില്ലി;വിവാദങ്ങൾക്കിടെ കൻവർ യാത്രക്ക് നാളെ തുടക്കം. യാത്രാവഴിയിലെ ഭക്ഷണ ശാലകളില് ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന യോഗി സര്‍ക്കാരിന്‍റെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായതോടെ ഉത്തർ പ്രദേശിൽ ജാഗ്രത കർശനമാക്കി. കൻവർ യാത്ര വിവാദം പ്രതിപക്ഷം പാര്‍ലമെന്‍റില്‍ ഉന്നയിക്കും.

കൻവർ തീർത്ഥാടകർ യാത്ര ചെയ്യുന്ന മുസഫർ ജില്ലയിലെ വഴികളിലെ ഭക്ഷണ ശാലകളിൽ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന യുപി സർക്കാർ ഉത്തരവാണ് വിവാദമായത്. നടപടിക്കെതിരെ പ്രതിപക്ഷം വിമർശനം ശക്തമാക്കിയെങ്കിലും മറ്റ് ജില്ലകളിലും യുപി സർക്കാർ സമാന നിർദേശം നൽകിയതോടെ വിവാദം കത്തി. മധ്യപ്രദേശിലെ ഉജ്ജയിനിലും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും സമാന ഉത്തരവ് നൽകിയിരുന്നെന്ന വിവരവും പുറത്തുവന്നു. എന്‍ഡിഎയിലെ സഖ്യകക്ഷികള്‍ പോലും എതിര്‍പ്പ് പരസ്യമാക്കിയെങ്കിലും സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് യോഗി ആദിത്യനാഥ് ആവര്‍ത്തിച്ചു. നാളെയാണ് ഔദ്യോഗികമായി യാത്രയ്ക്ക് തുടക്കമാകുന്നതെങ്കിലും തീർത്ഥാടകർ പലയിടങ്ങളിൽനിന്നായി പുറപ്പെട്ടിട്ടുണ്ട്.

തീർത്ഥാടകർ കടന്നുപോകുന്ന വഴികളിലെല്ലാം ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തിയതായി യുപി പോലീസ് അറിയിച്ചു. ഇതിനിടെയാണ് വിവാദം പാര്‍ലമെന‍്‍‍റിലേക്കുമെത്തുന്നത്. കോൺഗ്രസുൾപ്പടെ വിഷയം ഇരുസഭകളിലും ശക്തമായി ഉന്നയിക്കും. ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി അസദുദീൻ ഒവൈസിയുൾപ്പടെയുള്ളവർ നോട്ടീസ് നൽകാനാണ് നീക്കം.