National

സമരം കൈവിട്ടു, കൊല്ലപ്പെട്ടവർ നൂറിലേറെ; ബംഗ്ലാദേശിൽ വിദ്യാർത്ഥി പ്രക്ഷോഭത്തിന് മൂക്കുകയറിടാൻ വിധിയുമായി സുപ്രീം കോടതി

Spread the love

ബംഗ്ലാദേശിൽ സാമൂഹികാന്തരീക്ഷം കലാപകലുഷിതമാകാൻ കാരണമായ വിവാദ ഉത്തരവ് രാജ്യത്തെ സുപ്രീം കോടതി തിരുത്തി. എന്നാൽ ഉത്തരവ് റദ്ദാക്കിയില്ല. 1971 ൽ രാജ്യത്തിൻ്റെ രൂപീകരണത്തിന് കാരണമായ യുദ്ധത്തിൽ പങ്കാളികളായ സൈനികരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലികളിൽ 30 ശതമാനം സംവരണം ഏർപ്പെടുത്തിയ വിധിയാണ് ഇളവ് ചെയ്തത്. 30 ശതമാനത്തിൽ നിന്ന് സംവരണം 5 ശതമാനമായാണ് സുപ്രീം കോടതി കുറച്ചത്

സർക്കാർ കൊണ്ടുവന്ന സംവരണ നയം നേരത്തെ തന്നെ രാജ്യത്ത് പ്രതിഷേധത്തിന് കാരണമായിരുന്നു. പിന്നീട് ഇതിനെതിരെ കേസ് കോടതിയിൽ എത്തിയപ്പോൾ സംവരണം നടപ്പാക്കാതെ തടഞ്ഞുവെച്ചു. എന്നാൽ സർക്കാരിൻ്റെ സംവരണ നയം ഹൈക്കോടതി ശരിവെച്ചതിന് പിന്നാലെ ധാക്ക സർവകലാശാലയിൽ ആരംഭിച്ച പ്രതിഷേധം കലാപമായി രാജ്യത്തിൻ്റെ ഒട്ടുമിക്ക ഭാഗങ്ങളിലേക്കും വ്യാപിച്ചിരുന്നു. സംഘർഷത്തിൽ നൂറിലേറെ പേർ കൊല്ലപ്പെട്ടിരുന്നു.

സംവരണം ശരിവെച്ച ഹൈക്കോടതി വിധി നിയമവിരുദ്ധമെന്ന് സുപ്രീം കോടതി വിലയിരുത്തിയതായി അറ്റോർണി ജനറൽ എ.എം അമീൻ ഉദ്ദീൻ പറഞ്ഞു. സർക്കാർ ജോലികളിൽ അഞ്ച് ശതമാനം 1971 ലെ യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ മക്കൾക്കും 2 ശതമാനം സംവരണം മറ്റ് വിഭാഗങ്ങളിൽ നിലനിൽക്കും. സമര രംഗത്തുള്ള പ്രതിഷേധക്കാരായ വിദ്യാർത്ഥികളോട് ക്ലാസ്മുറികളിലേക്ക് തിരികെ പോകാനും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.