BDJS ബിജെപിയുടെ റിക്രൂട്ട്മെന്റ് ഏജൻസിയായി പ്രവർത്തിക്കുന്നു; എസ്എൻഡിപിയെ ബിജെപിയിൽ കെട്ടാൻ ശ്രമം’; എംവി ഗോവിന്ദൻ
എസ്എൻഡിപിയെ വിമർശിച്ച് വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ബിഡിജെഎസ് ബിജെപിയുടെ റിക്രൂട്ട്മെൻറ് ഏജൻസിയായി പ്രവർത്തിക്കുന്നുവെന്നും അത് എസ്എൻഡിപി നേതൃത്വം പ്രോത്സാഹിപ്പിച്ചുവെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. എസ്എൻഡിപിയെ ബിജെപിയിൽ കെട്ടാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ചാതുർവർണ്യ വ്യവസ്ഥയിലേക്ക് എസ്എൻഡിപിയെ പോകാൻ അനുവദിക്കില്ലെന്നും എസ്എൻഡിപി ചാതുർവർണ്യത്തിന് പുറത്താണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. മതനിരപേക്ഷത ഉദ്ഘോഷിച്ച ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളെ എസ്‌എൻഡിപി അടിയറവെച്ചുവെന്ന് അദ്ദേഹം വിമർശിച്ചു. എസ്‌എൻഡിപിയുടെ നിലപാടുകളെ വിമർശിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടത് മുന്നണിക്ക് ഉണ്ടായത് കനത്ത പരാജയമാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ബിജെപി അക്കൗണ്ട് തുറന്നത് ഗൗരവമുള്ള പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞു. തൃശൂരിലെ ബിജെപി വിജയം കോൺഗ്രസ് വോട്ടുകൾ കൊണ്ടാണ്. ക്രിസ്തീയ വോട്ടുകൾ ബിജെപിക്ക് അനുകൂലമായെന്നും എംവി ഗോവിന്ദൻ പറഞ്ഞു.