National

കർണാടക അങ്കോലയിലെ മണ്ണിടിച്ചിൽ; അർജുനായി തെരച്ചിൽ ഊർജിതം; റഡാർ എത്തിച്ചു

Spread the love

കർണാടക അങ്കോലയിലെ മണ്ണിടിച്ചിലിൽപ്പെട്ട അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതം. തെരച്ചിലിനായി റഡാർ എത്തിച്ചു. സൂറത്കൽ എൻഐടിയിൽ നിന്നുള്ള വിദഗ്ധ സംഘം തെരിച്ചിലിന് നേതൃത്വം നൽകും. വളരെ ആഴത്തിലുള്ള വസ്തുക്കൾ വരെ കണ്ടെത്താൻ കഴിയുന്ന റഡാറാണ് ഉപയോഗിക്കുന്നത്.

നാവികസേന, എൻഡിആർഎഫ്, എസ്ഡിആർഎഫ്, പൊലീസ്, അഗ്‌നിശമന സേനാംഗങ്ങൾ എന്നിവർ തിരച്ചിലിന്റെ ഭാഗമാണ്. റഡാർ സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുകൊണ്ട് നടത്തുന്ന തെരച്ചിലിൽ പ്രതീക്ഷയുണ്ടെന്ന് അർജുൻ ഓടിച്ചിരുന്ന വാഹനത്തിന്റെ ഉടമ മനാഫ് ട്വന്റിഫോറിനോട് പറഞ്ഞു. റഡാർ വഴി കൃത്യം ലോറി കണ്ടെത്താൻ കഴിഞ്ഞാൽ ആ ദിശ നോക്കി മണ്ണെടുപ്പ് നടത്തും. കഴിഞ്ഞ നാലു ദിവസങ്ങളിലായി അർജുൻ ലോറിയുൾപ്പെടെ മണ്ണിനടിയിലാണുള്ളത്. കനത്ത മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് അധികൃതർ അറിയിച്ചിരുന്നു.

കേരളത്തിൽ നിന്നും രക്ഷാപ്രവർത്തനത്തിനായി പോയ ഉദ്യോഗസ്ഥർ ഷിരൂരിൽ എത്തി. അർജുന്റെ ലോറി ഉച്ചയോടെ കണ്ടെത്താനാകുമെന്ന് പ്രതീക്ഷഎന്ന് മോട്ടോർ വാഹന വകുപ്പ് സംഘം വ്യക്തമാക്കി. ഇന്നുതന്നെ അർജുനെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് ഉദ്യോഗസ്ഥർ പറയുന്നു.