World

യുഎസിലെ കോടീശ്വരനായ വ്യവസായി, ഹോട്ടലിലെ 20–ാം നിലയിൽനിന്ന് ചാടി ജീവനൊടുക്കി, മുറിയിൽ ആത്മഹത്യാക്കുറിപ്പ്

Spread the love

വാഷിംഗ്ടൺ: യുഎസിലെ പ്രമുഖ വ്യവസായിയും കോടീശ്വരനുമായ ജെയിംസ് മൈക്കൽ ക്ലിൻ (64) ഹോട്ടലിന്റെ ഇരുപതാം നിലയിൽ‌നിന്ന് ചാടി ജീവനൊടുക്കി. ചൊവ്വാഴ്ച രാവിലെ 10.15 ഓടെ മാൻഹറ്റനിലെ കിംബർലി ഹോട്ടലിലാണ് സംഭവം. ജെയിംസ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കുകയായിരുന്നുവെന്ന് ന്യൂയോർക്ക് പൊലീസ് അറിയിച്ചു. ഹോട്ടൽ മുറിയിൽ ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചാണ് ജെയിംസ് താഴേക്ക് ചാടിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
2000-ൽ ഫാൻഡാംഗോ സിനിമാ ടിക്കറ്റിങ് ബിസിനസ് ആരംഭിച്ചത് ജെയിംസാണ്. 2011ൽ ഈ കമ്പനിയെ എൻബിസി യൂണിവേഴ്സലും വാർണർ ബ്രദേഴ്സും ഏറ്റെടുത്തിരുന്നു. പിന്നീട് തന്റെ ആക്രിറ്റീവ് കമ്പനിയിലൂടെ അക്യുമെൻ, ഇൻഷുറോൻ, അക്കോലേഡ് എന്നിവ ജെയിംസ് സ്ഥാപിച്ചു. ഫാൻഡാംഗോയിലും നിക്ഷേപം നടത്തി. ഹെഡ്ജ് ഫണ്ട് ബ്രിജ്‌വാട്ടർ അസോസിയേറ്റ്‌സ് ഉൾപ്പെടെ നിരവധി ടെക് കമ്പനികളും വെഞ്ച്വർ ക്യാപിറ്റൽ ബിസിനസുകളും ജെയിംസിനുണ്ട്.

കോർണൽ യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദം നേടിയ ശേഷം ഹാർവഡ് ബിസിനസ് സ്കൂളിൽനിന്ന് എംബിഎയും കരസ്തമാക്കിയിട്ടുണ്ട്. പമേല ബി.ക്ലൈനാണ് ഭാര്യ. ആറ് മക്കളാണ് ഇവർക്കുള്ളത്. 20 ദശലക്ഷം ഡോളറിലധികം ചെലവഴിച്ച് 2020ൽ ദമ്പതികൾ നിർമിച്ച 5 കിടപ്പുമുറികളുള്ള പാം ബീച്ച് വീട് വലിയ വാർത്തയായിരുന്നു. ജെയിംസ് മൈക്കലിന്‍റെ ആത്മഹത്യക്കുറിപ്പ് പൊലീസ് പരിശോധിച്ച് വരികയാണ്. വിശദമായ അന്വേഷണം നടക്കുകയാണെന്നും മരണകാരണം ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നുമാണ് പൊലീസ് പറയുന്നത്.