ആമയിഴഞ്ചാൻ അപകടം നടന്നപ്പോൾ തന്നെ ഫേസ്ബുക്കിൽ ഇട്ടു, വെറുതെ വന്ന് ഷോ കാണിച്ചിട്ട് കാര്യമില്ല: ശശി തരൂർ
ആമയിഴഞ്ചാൻ തോട് അപകടത്തിൽ സ്ഥലത്ത് എത്താത്തതിലെ വിമർശനങ്ങൾക്ക് മറുപടിയുമായി ശശി തരൂർ എം പി. വെറുതെ വന്ന് ഷോ കാണിച്ചിട്ട് കാര്യമില്ല. പരിഹസിച്ചോളൂ, എന്റെ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റിയിട്ടുണ്ട്. അപകടം നടന്നപ്പോൾ തന്നെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നുവെന്നും ശശി തരൂർ വ്യക്തമാക്കി.
അപകടം ഉണ്ടായപ്പോൾ താൻ ഫേസ്ബുക് പോസ്റ്റ് ഇട്ടില്ലേ, വേറെന്ത് ചെയ്യാനാണെന്നാണ് തരൂരിന്റെ പരാമർശം. ഒരു എം.പിയുടെ ഉത്തരവാദിത്തം അല്ല ഇതെന്നും, താൻ ആ സമയത്ത് വയനാട്ടിലായിരുന്നുവെന്നും സംഭവ സമയത്തെ സ്ഥലം എംപിയുടെ സാന്നിധ്യത്തെ ചോദ്യം ചെയ്ത മാധ്യമങ്ങളോട് തരൂർ പറഞ്ഞു.
കർണാടകയിലെ പ്രാദേശികവാദത്തിലും തരൂർ മാധ്യമങ്ങളോട് പ്രതികരിച്ചു. അവർ എന്തിനാണ് അങ്ങനെ ചിന്തിച്ചത് എന്ന് അറിയില്ല എന്നായിരുന്നു വിഷയത്തിൽ എംപിയുടെ മറുപടി. ബുദ്ധിയില്ലാത്ത കാര്യമാണതെന്നും, അവരത് പിൻവലിക്കാൻ തീരുമാനിച്ചത് നല്ല തീരുമാനമാണെന്നും, ഇത് ആരുടെ ബുദ്ധിയാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.