Kerala

എത്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടുവെന്ന് അറിയില്ല; ഗതാഗതമന്ത്രിയുമായി ബന്ധപ്പെട്ടു’; മന്ത്രി കെബി ഗണേഷ് കുമാർ

Spread the love

കർണാടക അങ്കോലയിലെ മണ്ണിടിച്ചിലിൽ മലയാളി കാണാതായ സംഭവത്തിൽ പ്രതികരണവുമായി ​ഗതാ​ഗത മന്ത്രി കെബി ഗണേഷ് കുമാർ. കർണാടകയിലെ ഗതാഗതമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മലയാളി കുടുങ്ങിയെന്ന് അവർ അറിയുന്നത് ഇവിടുന്ന് പറയുമ്പോഴാണെന്ന് മന്ത്രി പറഞ്ഞു. എത്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടു എന്ന് പോലും ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി ഗണേഷ് പറഞ്ഞു.

രാവിലെ ഗതാഗത മന്ത്രിയുമായി ബന്ധപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നുവെന്നും മന്ത്രി പറഞ്ഞു. രണ്ടു ദിവസമായി സംഭവത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും രക്ഷാപ്രവർത്തനം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇനിയും മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന് അറിയിപ്പ് ഉള്ളതിനാലാണ് മാധ്യമങ്ങളെയും നാട്ടുകാരെയും അവിടേക്ക് കടത്തിവിടാത്തതെന്ന് മന്ത്രി പറഞ്ഞു.

ജിപിഎസ് ട്രേസ് ചെയ്യാനായി ഗതാഗതവകുപ്പിന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. വിവരങ്ങൾ കൈമാറിയപ്പോൾ തന്നെ കർണാടക ഗതാഗത മന്ത്രി തുടർനടപടികൾ സ്വീകരിച്ചിരുന്നു. കളക്ടറുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വലിയ മണ്ണിടിച്ചിലാണ് ഉണ്ടായിരിക്കുന്നത്. അപകടം നടന്നതായി അറിയാൻ വൈകിയെന്നും കുടുംബം രംഗത്തെത്തിയപ്പോഴാണ് കാര്യങ്ങൾ അറിഞ്ഞതെന്നും മന്ത്രി പറഞ്ഞു. വിവരം അറിഞ്ഞ ഉടനെ തന്നെ കേരള സർക്കാർ ഉണർന്ന് പ്രവർത്തിക്കുകയും കാര്യങ്ങൾ കർണാടക സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി.

കോഴിക്കോട് സ്വദേശി അർജുൻ എന്നയാളെ മൂന്ന് ദിവസമായി കാണാനില്ലെന്ന് ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്. അർജുൻ ഓടിച്ച ലോറി മണ്ണിനടിയിൽപ്പെട്ടതായി ബന്ധുക്കൾ ആശങ്ക പ്രകടിപ്പിക്കുന്നു. തുടർച്ചയായി അർജുനെ ഫോണിൽ ബന്ധപ്പെടുമ്പോൾ ഫോൺ റിങ് ചെയ്യുന്നുണ്ടെന്നും ആരും എടുക്കുന്നില്ലെന്നും അപകടം നടന്നയിടമാണ് ഫോണിന്റെ ലൊക്കേഷനായി കാണുന്നതെന്നും അർജുന്റെ ബന്ധുക്കൾ പറഞ്ഞു.