ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു, സമാധാനമായിരിക്കൂ’;കര്‍ണാടകയില്‍ കാണാതായെന്ന് സംശയിക്കുന്ന അര്‍ജുന്റെ കുടുംബത്തിന് മന്ത്രി ഗണേഷ് കുമാറിന്റെ ഉറപ്പ്
കര്‍ണാടകയിലെ അങ്കോളയിലെ മണ്ണിടിച്ചിലില്‍ കാണാതായവരില്‍ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉള്‍പ്പെട്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ ഇടപെട്ട് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. സ്ഥിതിഗതികള്‍ അന്വേഷിക്കാന്‍ താന്‍ കര്‍ണാടക ഗതാഗതവകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ടെന്നും വിഷയത്തെക്കുറിച്ച് അന്വേഷിചച്ചുവരികയാണെന്നും കെ ബി ഗണേഷ് കുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. മന്ത്രി എത്രയും വേഗം വിഷയത്തില്‍ ഇടപെടണമെന്ന് ട്വന്റിഫോറിലൂടെ അപേക്ഷിച്ച അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് മന്ത്രി ട്വന്റിഫോറിലൂടെ തന്നെ മറുപടി പറഞ്ഞു. അതിവേഗം ഇടപെടുമെന്നും സമാധാനമായിരിക്കണമെന്നും മന്ത്രി പറഞ്ഞു.
കാസര്‍ഗോഡ് കളക്ടറോടോ അദ്ദേഹത്തിന്റെ പ്രതിനിധികളോടോ കാര്യങ്ങള്‍ നേരില്‍ അന്വേഷിക്കണമെന്ന് നിര്‍ദേശിച്ചതായി മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. കാസര്‍ഗോഡ്, കണ്ണൂര്‍ ആര്‍ടിഒമാരോട് കര്‍ണാടകയിലെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മണ്ണുമാറ്റി പരിശോധിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ തയാറാകുന്നില്ലെന്ന് അര്‍ജുന്റെ ഭാര്യ പരാതിപ്പെട്ടപ്പോള്‍ അവര്‍ മണ്ണുമാറ്റിയില്ലെങ്കില്‍ നമ്മള്‍ ജെസിബി കൊണ്ടുപോയി മണ്ണുമാറ്റി തെരച്ചില്‍ നടത്തുമെന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്.
കര്‍ണാടകയിലെ അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്ന് എം കെ രാഘവന്‍ എംപിയും ട്വന്റിഫോറിനോട് പറഞ്ഞു. കാലാവസ്ഥ മോശമായത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ഉടമയും ബന്ധുക്കളും കര്‍ണാടകയിലെത്തിയെന്നും അദ്ദേഹം അറിയിച്ചു. കോഴിക്കോട് സ്വദേശി അര്‍ജുന്‍ എന്നയാളെ മൂന്ന് ദിവസമായി കാണാനില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. അര്‍ജുന്‍ ഓടിച്ച ലോറി മണ്ണിനടിയില്‍പ്പെട്ടതായി ബന്ധുക്കള്‍ ആശങ്ക പ്രകടിപ്പിക്കുന്നു. തുടര്‍ച്ചയായി അര്‍ജുനെ ഫോണില്‍ ബന്ധപ്പെടുമ്പോള്‍ ഫോണ്‍ റിങ് ചെയ്യുന്നുണ്ടെന്നും ആരും എടുക്കുന്നില്ലെന്നും അപകടം നടന്നയിടമാണ് ഫോണിന്റെ ലൊക്കേഷനായി കാണുന്നതെന്നും അര്‍ജുന്റെ ബന്ധുക്കള്‍ പറഞ്ഞു.