Kerala

‘ആര് വിചാരിച്ചാലും ഉമ്മൻ ചാണ്ടിയുടെ സംഭാവനകളെ വിസ്മരിക്കാനോ താഴ്ത്തിക്കെട്ടാനോ കഴിയില്ല; രമേശ് ചെന്നിത്തല

Spread the love

സർക്കാർ വിചാരിച്ചാലും ഉമ്മൻചാണ്ടിയുടെ സംഭാവനകളെ വിസ്മരിക്കാനോ താഴ്ത്തിക്കെട്ടാനോ കഴിയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിഴിഞ്ഞം പദ്ധതി ധീരമായി നടപ്പിലാക്കാനുള്ള കരാറിൽ ഒപ്പിട്ടത് ഉമ്മൻചാണ്ടിയാണ്. ഉമ്മൻചാണ്ടിയുടെ പേര് അന്ന് പരാമർശിക്കാതിരുന്നത് കൊടുംതെറ്റാണെന്നും പദ്ധതിക്കെതിരെ ആരോപണം ഉന്നയിച്ചതിൻ്റെ ജാള്യതയാണ് പിണറായിക്കെന്നും അദ്ദേഹം പ്രതികരിച്ചു.ഉമ്മൻ ചാണ്ടി ഫൗണ്ടേഷന് മുഖ്യമന്ത്രിയെ ക്ഷണിച്ചത് തങ്ങളുടെ മര്യാദയെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

ഇതിനിടെ കർണാടക സർക്കാരിനെ തള്ളി രമേശ് ചെന്നിത്തല. പ്രാദേശിക തൊഴിൽ സംവരണ ബില്ല് കർണാടകയുടെ ഭാവിക്ക് തന്നെ ദോഷം ചെയ്യുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ ഉൾപ്പെടെ നിരവധി മലയാളികൾ ജോലി ചെയ്യുന്നുണ്ട്. കോൺഗ്രസ് പോലെയൊരു ദേശീയ പാർട്ടിക്ക് അങ്ങനെ തീരുമാനം എടുക്കാൻ കഴിയില്ല. അതുകൊണ്ടാണ് തീരുമാനം കർണാടക സർക്കാർ മരവിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപറേഷനുകളുടെ ഭരണം പിടിക്കാൻ സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ കോൺഗ്രസ് രംഗത്തിറക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് കൊച്ചിയിലും എഐസിസി പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലയ്ക്കു കോഴിക്കോട്ടും കെപിസിസി പ്രസിഡന്റ് കെ.സുധാകരനു കണ്ണൂരിലും ചുമതല നൽകി. തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിക്കാനുള്ള ചുമതല എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥിനെയും തൃശൂർ എഐസിസി സെക്രട്ടറി റോജി എം.ജോണിനെയും ഏൽപിച്ചു. കൊല്ലത്തു രാഷ്ട്രീയകാര്യ സമിതിയംഗം വി.എസ്.ശിവകുമാറിനാണു ചുമതല.