National

തോക്ക് ചൂണ്ടി ഭീഷണി; വിവാദ ഐ.എ.എസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറിന്റെ അമ്മയെ അറസ്റ്റ് ചെയ്തു

Spread the love

വ്യാജരേഖാ കേസിൽ അന്വേഷണം നേരിടുന്ന വിവാദ ഐഎഎസ് ട്രെയിനി പൂജാ ഖേദ്കറിന്ർറെ മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തോക്ക് ചൂണ്ടി കർഷകരെ ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ഒളിവിൽ കഴിയുകയായിരുന്നു പൂജയുടെ മാതാവ് മനോരമാ ഖേദ്കർ

കഴിഞ്ഞ വർഷം ജൂണിൽ നടന്നതാണ് ഈ ദൃശ്യങ്ങൾ. ഭൂമി തർക്കത്തിൽ എതിർഭാഗത്തുള്ള കർഷകരെ സ്വകാര്യ അംഗരക്ഷകരോടൊപ്പമെത്തി ഭീഷണിപ്പെടുത്തയാളാണ് മനോരമാ ഖേദ്കർ. മകളായ പൂജ ഖേദ്കർ ഐഎഎസ് കിട്ടാൻ നടത്തിയ തട്ടിപ്പിനെക്കുറിച്ചുള്ള വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് ഈ ദൃശ്യങ്ങളും വൈറലായത്. ഇതോടെ പൂനെ പൊലീസ് കേസെടുത്തു. പൂജയുടെ മാതാവ് മനോരമ, പിതാവ് ദിലീപ് എന്നിവടക്കം അഞ്ച് പേർക്കെതിരാണ് കേസ്. ഒളിവിൽ പോയ ഇവർക്കായി വിവിധ സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം നടത്തവെയാണ് മഹാഡിലെ ഒരു ലോഡ്ജിൻ നിന്ന് മനോരമ പിടിയിലായത്. ദിലീപ് ഖേദ്കറെ പക്ഷെ പിടികൂടാൻ പൊലീസിനായില്ല. കാർ വാടകയ്ക്കെടുത്തായിരുന്നു പ്രതികളുടെ യാത്രയെന്ന് പൊലീസ് പറയുന്നു.

2000ലാണ് മനോരമ ഖേദ്കറിന് തോക്ക് ലൈസൻസ് കിട്ടിയത്. ലൈസൻസ് പിൻവലിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. പൂജയ്ക്കെതിരായ കേസിൽ അന്വേഷണത്തിനെത്തിയെ പൊലീസ് സംഘത്തെയും ഒപ്പമുണ്ടായിരുന്ന മാധ്യമ പ്രവർത്തകരെയും മനോരമ ഖേദ്കർ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.
അതേസമയം ട്രെയിനിംഗ് അവസാനിപ്പിച്ച് മസൂറിയിലെ അക്കാദമിയിലേക്ക് മടങ്ങിവരാനുള്ള അറിയിപ്പ് കിട്ടിയതോടെ പൂജ ഖേദ്കർ പൂനെ കളക്ടർക്കെതിരെ പൊലീസിന് പരാതി നൽകി. മാനസികമായി പീഡിപ്പിച്ചെന്നാണ് കേസ്. പൂജയുടെ അധികാര ദുർവിനിയോഗത്തിനെതിരെ ആദ്യം പരാതി നൽകിയത് ഇതേ കളക്ടറാണ്. പിന്നാലെയാണ് തട്ടിപ്പ് വിവരങ്ങൾ ഒന്നൊന്നായി പുറത്ത് വന്നത്.