നീറ്റിൽ സുപ്രീം കോടതിയുടെ തീരുമാനമെന്ത്? പുനഃപരീക്ഷ നടത്തണമെന്നതടക്കം ഹർജികൾ ഇന്ന് പരിഗണിക്കും
ദില്ലി: നീറ്റിൽ പുനഃപരീക്ഷയുണ്ടോ എന്ന് ഇന്നറിയാം. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഹർജിയിൽ എൻ ടി എ, കേന്ദ്രം എന്നിവർ നൽകിയ സത്യവാങ്മൂലം കക്ഷികൾക്ക് നൽകാൻ കോടതി നിർദ്ദേശിച്ചിരുന്നു. പരീക്ഷയുടെ പവിത്രതയെ ബാധിക്കുന്ന തരത്തിൽ ക്രമക്കേട് ഉണ്ടായിട്ടില്ലെന്നും പ്രാദേശികമായി മാത്രമാണ് പ്രശ്നങ്ങൾ എന്നാണ് കേന്ദ്രവാദം. കോടതിയിൽ നിന്ന് പുനഃപരീക്ഷ സംബന്ധിച്ച് ഇടക്കാല ഉത്തരവ് ഉണ്ടായേക്കും.
അതിനിടെ നീറ്റ് യു ജി കൗൺസിലിംഗിനായി കേന്ദ്രം നടപടി തുടങ്ങുകയും ചെയ്തിട്ടുണ്ട്. മെഡിക്കൽ സീറ്റുകൾ പോർട്ടലിൽ രേഖപ്പെടുത്താൻ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് കേന്ദ്രം. നീറ്റ് കൗൺസിലിംഗ് ജൂലായ് മൂന്നാം വാരം തുടങ്ങുമെന്ന് കേന്ദ്രം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനായുള്ള പ്രാരംഭം നടപടികൾക്കാണ് മെഡിക്കൽ കൗൺസിംഗ് കമ്മറ്റി തുടക്കമിട്ടത്. യു ജി കൗൺസിലിംഗിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങളിൽ നിന്നാണ് കമ്മറ്റി വിശദാംശങ്ങൾ തേടിയത്. കമ്മറ്റി നൽകിയ നോട്ടീസ് അനുസരിച്ച് സ്ഥാപനങ്ങൾക്ക് ശനിയാഴ്ച്ച വരെ സീറ്റ് വിവരങ്ങൾ സൈറ്റിൽ നൽകാം. ഇത്തവണ നാലാം റൗണ്ട് വരെ അലോട്ട്മെന്റ് നടത്തി പ്രവേശന നടപടികൾ പൂർത്തിയാക്കാനാണ് കേന്ദ്ര നീക്കം.
അതേസമയം നീറ്റ് ചോദ്യ പേപ്പർ ചോർച്ച കേസിൽ ഇന്നലെ സി ബി ഐ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തിരുന്നു. പട്ന സ്വദേശി പങ്കജ് കുമാർ ഹസാരിബാഗ് സ്വദേശി രാജു സിങ്ങ് എന്നിവരാണ് അറസ്റ്റിലായത്. ചോദ്യപേപ്പർ എൻ ടി എയുടെ ട്രങ്ക് പെട്ടിയിൽ നിന്നും മോഷ്ടിച്ച കേസിലാണ് ഇരുവരെയും സി ബി ഐ പിടികൂടിയത്. ഈ മാസമാദ്യം കേസിലെ മുഖ്യകണ്ണിയായ രാകേഷ് രജ്ഞനെ ബിഹാറിലെ നളന്ദയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.