ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സൂര്യകുമാർ ടി20 ക്യാപ്റ്റൻ; സഞ്ജു ടി20 ടീമില്‍ മാത്രം
മുംബൈ: ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ ഏകദിന ടീമിനെ നയിക്കുമ്പോള്‍ ടി20 ടീമിന്‍റെ നായകനായി സൂര്യകുമാര്‍ യാദവിനെ തെരഞ്ഞെടുത്തു. രണ്ടു ഫോര്‍മാറ്റിലും ശുഭ്മാന്‍ ഗില്ലാണ് വൈസ് ക്യാപ്റ്റൻ എന്നതും ശ്രദ്ധേയമായി. ലോകകപ്പില്‍ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയെ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഹിത് ശര്‍മക്കൊപ്പം വിരാട് കോലിയും ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിലുണ്ട്.
മലയാളി താരം സഞ്ജു സാംസണ്‍ ടി20 ടീമില്‍ മാത്രമെ ഇടം നേടിയുള്ളു. അതേസമയം റിഷഭ് പന്ത് ഏകദിന, ടി20 ടീമുകളില്‍ വിക്കറ്റ് കീപ്പറായി ഇടം നേടി. റിയാന്‍ പരാഗ് ഏകദിന, ടി20 ടീമുകളില്‍ ഇടം നേടിയതും ശ്രദ്ധേയമായി. സിംബാബ്‌വെക്കെതിരെ സെഞ്ചുറിയുമായി തിളങ്ങിയ അഭിഷേക് ശര്‍മ, റുതുരാജ് ഗെയ്ക്‌വാദ് എന്നിവര്‍ക്കും ടി20 ടീമില്‍ ഇടമില്ല.
ശ്രേയസ് അയ്യരെ ഏകദിന ടീമിലേക്ക് തിരിച്ചുവിളിച്ചതാണ് മറ്റൊരു ശ്രദ്ധേയമാറ്റം. ഏകദിന ടീമില്‍ കെ എല്‍ രാഹുലാണ് വിക്കറ്റ് കീപ്പര്‍. രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് ടീമിലെത്തി. ഹാര്‍ദ്ദിക് പാണ്ഡ്യ ഏകദിന ടീമിലില്ല.
ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, റിങ്കു സിംഗ്, റിയാൻ പരാഗ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), ഹാർദ്ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ്, ഖലീൽ അഹമ്മദ്, മുഹമ്മദ്. സിറാജ്.
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ, വിരാട് കോലി, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യർ, ശിവം ദുബെ, കുൽദീപ് യാദവ്, മുഹമ്മദ്. സിറാജ്, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, റിയാൻ പരാഗ്, അക്സർ പട്ടേൽ, ഖലീൽ അഹമ്മദ്, ഹർഷിത് റാണ.