National

വിദേശിയായി മരിച്ചു, സ്വന്തം നാട്ടിൽ അന്യനാക്കപ്പെട്ട റഹീം അലിക്ക് ഒടുവിൽ സുപ്രീം കോടതിയിൽ നീതി; ഇന്ത്യൻ പൗരത്വം അംഗീകരിച്ചു

Spread the love

നീണ്ട പന്ത്രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ റഹീം അലി ഇന്ത്യാക്കാരനായി. പക്ഷെ വിധി കേൾക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. വിദേശിയായി മരിച്ച് രണ്ട് വർഷത്തിന് ശേഷമാണ് റഹീം അലിയെന്ന അസം സ്വദേശിയുടെ ഇന്ത്യൻ പൗരത്വം സുപ്രീം കോടതി ശരിവെച്ചത്. രണ്ടര വർഷം മുൻപ് റഹീം അലി മരിച്ചുവെന്ന് ദി ഇന്ത്യൻ എക്സ്പ്രസാണ് റിപ്പോർട്ട് ചെയ്യുന്നത്.

അസമിലെ നൽബരി ജില്ലയിലെ കാസിംപൂർ ഗ്രാമവാസിയായിരുന്നു അലി. 2021 ഡിസംബർ 28 ന് തൻ്റെ 58ാം വയസിലാണ് അദ്ദേഹം മരിച്ചത്. 2012 ൽ അസമിലെ ട്രൈബ്യൂണലാണ് ഇദ്ദേഹത്തിൻ്റെ ഇന്ത്യൻ പൗരത്വം റദ്ദാക്കി വിധി പറഞ്ഞത്. അസുഖബാധിതനായതിനാൽ കേസ് പരിഗണിച്ചപ്പോൾ ട്രൈബ്യൂണലിൽ എത്താൻ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതിയിൽ ഇദ്ദേഹം അപ്പീൽ പോയെങ്കിലും കേസ് തള്ളി. ഇതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

2017 ലാണ് കേസ് വീണ്ടും പരിഗണിക്കാൻ ട്രൈബ്യൂണലിന് സുപ്രീം കോടതി നിർദ്ദേശം നൽകിയത്. എന്നാൽ അദ്ദേഹത്തിൻ്റെ വാദം ട്രൈബ്യൂണൽ ചെവിക്കൊണ്ടില്ല. വിദേശിയെന്ന് മുദ്രകുത്തുകയും ചെയ്തു. ദരിദ്രനായ റഹീം അലിക്ക് വേണ്ടി കോടതി അനുവദിച്ച അഭിഭാഷകൻ അഡ്വ. കൗശിക് ചൗധരി സുപ്രീം കോടതി വരെ അദ്ദേഹത്തിന് വേണ്ടി കേസുമായി മുന്നോട്ട് പോവുകയായിരുന്നു. റഹീമിൻ്റെ മരണ ശേഷം അഭിഭാഷകനോട് റഹീമിൻ്റെ വീട്ടുകാരാരും സംസാരിച്ചിരുന്നില്ല.

ഇദ്ദേഹത്തെ വിദേശിയായി മുദ്രകുത്തിയ ശേഷം ബന്ധുക്കളാരും കുടുംബത്തോട് സംസാരിച്ചിരുന്നില്ലെന്നാണ് ഭാര്യയുടെയും മക്കളുടെയും പരാതി. സർക്കാരിൽ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങളും ലഭിച്ചില്ല. വീട്ടിലുണ്ടായിരുന്ന അഞ്ച് പശുക്കളെയും അഞ്ച് ആടുകളെയും വിറ്റ കുടുംബത്തിന് സാമ്പത്തിക ബാധ്യത തീർക്കാൻ കഴിയാതെ വന്നതോടെ അലിയുടെ അച്ഛൻ്റെ കൈയ്യിൽ നിന്നും ലഭിച്ച ഭൂമിയും വിൽക്കേണ്ടി വന്നു. കേസിന് വേണ്ടി മാത്രം അലിയുടെ മരണം വരെ 2.5 ലക്ഷം രൂപ കുടുംബം ചെലവാക്കിയെന്നാണ് ഇവർ തന്നെ പറയുന്ന കണക്ക്.