വയനാട് കല്ലൂരിലെ കാട്ടാന ആക്രമണം; മരിച്ച രാജുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം
വയനാട് കല്ലൂരിലെ കാട്ടാന ആക്രമണത്തിൽ മരിച്ച രാജുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാൻ തീരുമാനം. കൂടുതൽ ധനസഹായത്തിന് സർക്കാരിന് ശുപാർശ ചെയ്യും. കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകാൻ സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി. ജോലി സ്ഥിരപ്പെടുത്താൻ സർക്കാരിന് ശുപാർശ നൽകും.
ഒരു ലക്ഷം രൂപ ഇൻഷുറൻസ് തുക ലഭ്യമാക്കും. മക്കൾക്ക് ഉപരിപഠനത്തിന് സർക്കാർ സഹായം ലഭ്യമാക്കും. നേരത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ ബന്ധു ബിജുവിന് സർക്കാർ ധനസഹായം ലഭ്യമാക്കാനും സർവ്വകക്ഷി യോഗത്തിൽ തീരുമാനം. മാറോട് പ്രദേശത്തേക്കുള്ള റോഡ് അടിയന്തര പ്രാധാന്യത്തോടെ നവീകരിക്കും.
ഞായറാഴ്ച രാത്രിയായിരുന്നു കല്ലൂർ മാറോട് സ്വദേശി രാജു(52)വിനെ കാട്ടാന ആക്രമിച്ചത്. വയറിനും കാലുകൾക്കും ഗുരുതരമായി പരുക്കേറ്റ രാജുവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്. രാജുവിന്റെ മരണത്തിൽ വയനാട് കല്ലൂരിൽ നാട്ടുകാർ മന്ത്രി ഒആർ കേളുവിനെ തടഞ്ഞ് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.