Kerala

ആമയിഴഞ്ചാൻ തോട് അപകടം; റയിൽവേക്ക് നോട്ടീസയച്ച് മനുഷ്യാവകാശ കമ്മീഷൻ

Spread the love

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ തൊഴിലാളി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ റയിൽവേക്ക് നോട്ടീസയച്ചു. കേസിൽ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് റയിൽവേയുടെ വിശദീകരണം കേൾക്കേണ്ടത് അനിവാര്യമാണെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ . ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു. ഡിവിഷണൽ റയിൽവേ മാനേജർ 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ നേരത്തെ തിരുവനന്തപുരം ജില്ലാ കളക്ടർക്കും നഗരസഭാ സെക്രട്ടറിക്കും നോട്ടീസയച്ചിരുന്നു. റയിൽവേ കരാർ നൽകിയ കമ്പനിയിലെ തൊഴിലാളിയായിരുന്നു മരിച്ച ജോയ്.

അതേസമയം തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട്ടിൽ മുങ്ങമരിച്ച ശുചീകരണ തൊഴിലാളി എൻ ജോയിയുടെ കുടുംബത്തിന് സർക്കാർ സഹായം പ്രഖ്യാപിച്ചു. ജോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പണം നൽകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

ആമയിഴഞ്ചാൻ തോട്ടിലെ ശുചീകരണത്തിനിടെയാണ് ജോയ് മുങ്ങി മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ ജോയിയെ കാണാതായത്. ജോയിക്കായുള്ള തെരച്ചിൽ മൂന്നാം ദിവസത്തേക്ക് കടന്നപ്പോഴായിരുന്ന മൃതദേഹം കണ്ടെത്തിയത്. പഴവങ്ങാടി തകരപ്പറമ്പിലെ കനാലിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.