Tuesday, April 22, 2025
Latest:
Kerala

സംസ്ഥാനത്ത് മഴക്കെടുതിയിൽ രണ്ടു മരണം

Spread the love

സംസ്ഥാനത്ത് മഴക്കെടുതിയിൽ രണ്ടു മരണം. ഇടുക്കി മാങ്കുളത്ത് യുവാവ് പുഴയിൽ വീണ് മരിച്ചു. താളുംകണ്ടം സ്വദേശി സനീഷ് ആണ് മരിച്ചത്. കൃഷിയിടത്തിലേക്ക് പോകവെ തോണി മറിഞ്ഞാണ് സനീഷ് മരിച്ചത്. തിരുവനന്തപുരം മര്യനാട് മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് സ്വദേശി അലോഷ്യസ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു.

സംസ്ഥാനത്ത് കനത്തമഴ തുരുന്നു. വിവിധയിടങ്ങളിൽ നാശനഷ്ടങ്ങളുണ്ടായി. വയനാട് കൽപ്പറ്റ ബൈപ്പാസിൽ മണ്ണിടിച്ചിലുണ്ടായി. മലമുകളിൽ ഉരുൾപ്പൊട്ടിയതാകാമെന്നാണ് ആദ്യം സംശയിച്ചിരുന്നത്. എന്നാല്‍ അല്ലെന്നാണ് നിഗമനം. നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു.

കനത്ത മഴയെ തുടര്‍ന്ന് കോട്ടയം ജില്ലയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. പെരുമ്പായിക്കാട്, വിജയപുരം എന്നിവിടങ്ങളിലായാണ് ക്യാമ്പുകൾ തുറന്നത്. പതിനൊന്ന് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. വെള്ളപ്പൊക്ക ഭീഷണിയുള്ള മേഖലകളിൽ നിന്ന് കൂടുതൽ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചുതുടങ്ങി.

അതേസമയം സംസ്ഥാനത്ത് അതിശക്തമായ മഴ ഇന്നും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് മുന്നറിയിപ്പ് ആണ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.