വിഴിഞ്ഞത്ത് ചരക്കുകയറ്റാൻ എത്തിയ ഫീഡർഷിപ്പ് മാരിൻ അസൂർ ഇന്ന് മടങ്ങും; രണ്ടാമത്തെ ഫീഡർഷിപ്പ് 21ന് എത്തും
വിഴിഞ്ഞത്ത് ചരക്കുകയറ്റാൻ എത്തിയ ഫീഡർഷിപ്പ് മാരിൻ അസൂർ ഇന്ന് മടങ്ങും. രണ്ടാമത്തെ ഫീഡർഷിപ്പ് സീസ്പാൻ സാൻ്റോസ് 21ന് തുറമുഖത്ത് എത്തിച്ചേരും. മുംബൈ, ഗുജറാത്ത്, കൊൽക്കത്ത, മംഗളൂർ തുറമുഖങ്ങളിലേക്കാണ് ചരക്ക് എത്തിക്കുക. വിഴിഞ്ഞത്ത് ആദ്യം എത്തിയ മദർ ഷിപ്പ് സാൻ ഫെർണാണ്ടോ മടങ്ങിയതിന് പിന്നാലെയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് മാരിൻ അസൂർ തുറമുഖത്ത് അടുത്തത്.
സാൻ ഫെർണാണ്ടോ തുറമുഖത്ത് ഇറക്കിയ കണ്ടെയ്നറുകളിൽ ഒരു ഭാഗം മാരിൻ അസൂറിൽ ലോഡ് ചെയ്യും. കൊളംബോയിൽ നിന്ന് എത്തിയ കപ്പൽ ചരക്കുമായി മുംബൈ തുറമുഖത്തേക്ക് പോകും. ഹോങ് കോങ്ങിൽ രജിസ്റ്റർ ചെയ്ത സീസ്പാൻ സാൻ്റോസ് എന്ന ഫീഡർ ഷിപ്പ് ആണ് വിഴിഞ്ഞത്ത് അടുത്തതായി എത്തുന്നത്.
തുറമുഖത്ത് ഇനി അവശേഷിക്കുന്ന കണ്ടെയ്നറുകൾ ഗുജറാത്ത്, കൊൽക്കത്ത തുടങ്ങിയ തുറമുഖങ്ങളിൽ എത്തിക്കും. അദ്യ ഫീഡർ ഷിപ്പ് ചരക്കുകയറ്റി മടങ്ങുന്നതോടെ വിഴിഞ്ഞത്ത് ചരക്ക് നീക്കം പ്രാവർത്തികമാവുകയാണ്. 400 മീറ്റർ നീളമുള്ള മദർ ഷിപ്പുകൾ ഉൾപ്പെടെ ഉടൻ വിഴിഞ്ഞത്ത് ചരക്കുമായി എത്തും.