Wednesday, January 1, 2025
Latest:
Kerala

എസ്എൻഡിപിക്കെതിരായ ഭീഷണി സിപിഐഎം അവസാനിപ്പിക്കുന്നതാണ് നല്ലത്’; കെ.സുരേന്ദ്രൻ

Spread the love

എസ്എൻഡിപി യോഗത്തിനെതിരായ ഭീഷണി സിപിഐഎം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപിക്ക് വോട്ട് ചെയ്തതിന്റെ പേരിൽ ആരെയും വേട്ടയാടാൻ സിപിഐഎമ്മിനെ അനുവദിക്കില്ല. നഗ്നമായ ന്യൂനപക്ഷ പ്രീണനമാണ് ഇടതുപക്ഷത്തിന്റെ അടിത്തറ തകർത്തത്. അതിന് ഭൂരിപക്ഷ വിഭാഗങ്ങളുടെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ല. ന്യൂനപക്ഷ പ്രീണനം തുടരുമെന്നാണ് സിപിഐഎം നൽകുന്ന സന്ദേശം. ഇതോടെ അടിസ്ഥാന ജനവിഭാഗങ്ങളും പാരമ്പര്യമായി സിപിഐഎമ്മിനെ പിന്തുണയ്ക്കുന്നവരും കൂടി സിപിഐഎമ്മിനെ കൈവെടിയും. അതിന് എസ്എൻഡിപി യോഗം ജനറൽസെക്രട്ടറിയെ ആക്ഷേപിച്ചിട്ട് കാര്യമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

വെള്ളാപ്പള്ളി നടേശനെയും കുടുംബത്തെയും വളഞ്ഞിട്ടാക്രമിക്കുകയാണ് സിപിഐഎം ചെയ്യുന്നത്. ഇത് അനുവദിച്ചു കൊടുക്കാൻ ബിജെപിക്ക് സാധിക്കില്ല. ഈഴവർ എല്ലാകാലത്തും തങ്ങളെ പിന്തുണയ്ക്കുമെന്ന സിപിഐഎമ്മിന്റെ മിഥ്യാധാരണ ലോക്സഭ തിരഞ്ഞെടുപ്പോടെ അവസാനിച്ചിരിക്കുകയാണ്. എസ്.സി- എസ്.ടി വിഭാഗങ്ങളും സിപിഐഇമ്മുമായുള്ള ബന്ധം അവസാനിപ്പിച്ച് തുടങ്ങിയിരിക്കുകയാണ്. എന്നാൽ മുസ്ലിം വിഭാഗങ്ങളുടെ വോട്ട് ഇത്തവണ കിട്ടാതിരുന്നിട്ടും സിപിഐഎം അവരെ വിമർശിക്കുന്നില്ല. സമസ്തയുടെ നേതാക്കൾ ഉൾപ്പെടെ സിപിഐഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ ശക്തമായ വിമർശനം നടത്തിയിട്ടും എം.വി ഗോവിന്ദൻ കമ എന്നൊരക്ഷരം ഉരിയാടിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷങ്ങളെ പോലും രണ്ടായി കാണുന്നതാണ് സിപിഐഎമ്മിന്റെ ശൈലി. മുസ്ലിം വിഭാഗത്തെ പ്രീണിപ്പിക്കുമ്പോൾ ക്രൈസ്തവരെ അവഗണിക്കുന്നതാണ് സിപിഐഎമ്മിന്റെയും പിണറായി സർക്കാരിന്റെയും നിലപാട്. ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ കാര്യത്തിൽ 80:20 അനുപാതം തുടരാൻ നിയമനടപടി സ്വീകരിച്ചത് ഈ പക്ഷപാതത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. തങ്ങൾക്ക് വോട്ട് ചെയ്യാത്തവരെ വെല്ലുവിളിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ഫാസിസ്റ്റ് സമീപനമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.