National

ബൈജു രവീന്ദ്രന് മുന്നിലുള്ള വാതിലുകൾ അടയുന്നു; ബൈജൂസിനെ പാപ്പരായി പ്രഖ്യാപിക്കും, ‘മേൽക്കോടതിയിൽ നേരിടും’

Spread the love

ബെംഗളൂരു: എജ്യൂടെക് കമ്പനിയായ ബൈജൂസിനെ പാപ്പർ കമ്പനിയായി പ്രഖ്യാപിക്കാനുള്ള നടപടികൾ തുടങ്ങിയതായി റിപ്പോർട്ട്. ബെംഗളൂരുവിലെ ദേശീയ കമ്പനി കാര്യ ട്രൈബ്യൂണലാണ് ബൈജൂസ് കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കാൻ ഉത്തരവിട്ടത്. ബിസിസിഐ നൽകിയ ഹർജിയിലാണ് ഉത്തരവ്. ദേശീയ ടീമിന്‍റെ സ്പോൺസർഷിപ്പ് വകയിൽ 158 കോടി രൂപ ബൈജൂസ് തരാനുണ്ടെന്ന് കാണിച്ചാണ് ബിസിസിഐ ഹർജി നൽകിയത്. ബൈജൂസിന്‍റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും പാപ്പരായി പ്രഖ്യാപിക്കാനുള്ള നടപടികൾക്കും കോടതി പ്രതിനിധിയെ നിയമിച്ചു.

ബൈജൂസിലെ നിക്ഷേപകരോടും ജീവനക്കാരോടും കിട്ടാനുള്ള പണത്തിന്‍റെ ക്ലെയിമുകൾ സമർപ്പിക്കാൻ ട്രൈബ്യൂണൽ നിർദേശം നൽകി. അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ബൈജു രവീന്ദ്രൻ രം​ഗത്തെത്തിയിരുന്നു. ട്രൈബ്യൂണൽ ഉത്തരവിനെ മേൽക്കോടതിയിൽ നേരിടുമെന്ന് ബൈജു രവീന്ദ്രൻ ജീവനക്കാരോട് പറഞ്ഞു. എന്നാൽ മേൽക്കോടതികളിൽ നിന്ന് ബൈജുവിന് അനുകൂലമായി ഉത്തരവ് ലഭിക്കാൻ സാധ്യത കുറവാണെന്ന് മാനേജ്മെന്‍റ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.