Kerala

പുതിയ ന്യൂനമർദ്ദം രൂപപ്പെടും; മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവക്ക് സാധ്യത കൂടുന്നു’; മന്ത്രി കെ രാജൻ

Spread the love

ഈ മാസം 19ന് പുതിയ ന്യൂനമർദ്ദം രൂപപ്പെടും എന്ന് റവന്യു മന്ത്രി കെ രാജൻ. അത് ഇടുക്കിയിൽ കൂടുതൽ ബാധിക്കാൻ സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു. വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുമെന്നും ഓഗസ്റ്റ് 3 വരെ മഴ ഏറ്റക്കുറച്ചിലുകളോടെ തുടരുമെന്നും മന്ത്രി പറ‍ഞ്ഞു. രാത്രിയാത്ര പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി നിർദേശം നൽ‌കി. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവക്ക് സാധ്യത കൂടുന്നുണ്ടെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.

മുന്നറിയിപ്പ് വരുന്നതിന് അനുസരിച്ച് ക്യാമ്പുകൾ ഒരുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. കാസർകോട് , കണ്ണൂർ ജില്ലകളിൽ പുതിയ ഹോട്ട് സ്പോട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. പാലക്കാട് , മലപ്പുറം , വയനാട്, തൃശൂർ ജില്ലകളിൽ അപകട സാധ്യതയുള്ള പുതിയ സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. മണ്ണെടുപ്പ് നടക്കുന്ന സ്ഥലങ്ങളും മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളുമാണ് ഏറെയുമെന്ന് മന്ത്രി പറഞ്ഞു.

മരങ്ങൾ വീണ് അപകടമുണ്ടാകാനുള്ള സാധ്യതയുണ്ട്. അപകടാവസ്ഥയിൽ ഉള്ള പൊതു മരങ്ങൾ മാറ്റാൻ നടപടി എടുക്കണം. മരം മുറിക്കുന്നത് സംബന്ധിച്ച തർക്കങ്ങൾ പഞ്ചായത്ത് സെക്രട്ടറിക്ക് തന്നെ പരിഹരിക്കാൻ ആകുമെന്ന് മന്ത്രി പറഞ്ഞു. പരസ്യ ബോർഡുകൾ പൊതു നിരത്തിൽ നിന്ന് എടുത്ത് മാറ്റുകയോ ബലപ്പെടുത്തുകയോ ചെയ്യണമെന്ന് മന്ത്രി നിർദേശിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും കാറ്റ് മൂലമാണുണ്ടായതെന്ന് മന്ത്രി പറഞ്ഞു. കെഎസ്ഇബി കണ്ട്രോൾ റൂം നമ്പർ (1912) തുറന്നിട്ടുണ്ട്.