Wednesday, April 23, 2025
Latest:
Kerala

സ്വപ്ന സുരേഷിൻ്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിൽ നിര്‍ണായക നീക്കം; മാപ്പുസാക്ഷിയാക്കണമെന്ന് രണ്ടാം പ്രതി സച്ചിൻ

Spread the love

തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ സ്വപ്ന സുരേഷിനെ പ്രതിരോധത്തിലാക്കി കേസിലെ രണ്ടാം പ്രതി കോടതിയിൽ. മാപ്പുസാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ സച്ചിൻ ദാസ് കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചു. കേസിൽ കൂടുതൽ കാര്യങ്ങളറിയാവുന്ന തന്നെ മാപ്പു സാക്ഷിയാക്കണമെന്നാണ് അപേക്ഷ. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ഇന്ന് കോടതി കേസ് പരിഗണിച്ചപ്പോഴാണ് രണ്ടാം പ്രതിയുടെ ഹര്‍ജിയും പരിഗണനയ്ക്കായി എടുത്തത്. സ്പേസ് പാർക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയെന്നാരോപിച്ച് കണ്ടോൻമെന്‍റ് പൊലീസാണ് സ്വപ്ന സുരേഷിനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിലെ രണ്ടാം പ്രതിയായ സച്ചിൻ ദാസ് പഞ്ചാബ് സ്വദേശിയാണ്. പൊലീസ് സമർപ്പിച്ച കുറ്റപത്രം കോടതി നേരത്തെ അംഗീകരിച്ചിരുന്നു. ഇന്ന് പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിക്കേണ്ടതായിരുന്നു. എന്നാൽ സ്വപ്ന സുരേഷ് ഇന്ന് കോടതിയിൽ ഹാജരായില്ല. കേസ് അടുത്ത മാസം 16ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

സ്പേസ് പാര്‍ക്കിൽ സ്വപ്ന സുരേഷിനെ കൺസൾട്ടൻ്റായി നിയമിച്ചത് പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ് കമ്പനിയാണ്. കേരള സ്റ്റേറ്റ് ഇൻഫര്‍മേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഎസ്ഐടിഐഎൽ) അധീനതയിലുള്ള സ്പേസ് പാര്‍ക്കിലേക്ക് നിയമനം നടത്തുന്ന ഏജൻസിയായിരുന്നു പ്രൈസ് വാട്ടർ കൂപ്പേഴ്‌സ്. സ്വപ്ന സുരേഷിന് ജോലി ചെയ്ത കാലയളവിൽ നൽകിയ ശമ്പളം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഐടിഐഎൽ, പ്രൈസ് വാട്ടർ കൂപ്പേഴ്‌സ് കമ്പനിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഈ പണം നൽകാനാകില്ലെന്ന നിലപാടിലാണ് പ്രൈസ് വാട്ടർ കൂപ്പേഴ്‌സ്. ഒന്നാം പിണറായി സര്‍ക്കാരിൻ്റെ കാലത്ത് ഏറെ കോളിളക്കമുണ്ടാക്കിയ നയതന്ത്ര സ്വര്‍ണക്കടത്ത് കേസിന് പിന്നാലെയാണ് സ്വപ്ന സുരേഷ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയെന്ന വിവരവും പുറത്തുവന്നത്.