മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാളിനും എഎപിക്കും എതിരെയുള്ള അന്വേഷണം പൂർത്തിയായയെന്ന് ഇ.ഡി
മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്‌രിവാളിനും ആം ആദ്മി പാർട്ടിക്കും എതിരെയുള്ള അന്വേഷണം പൂർത്തിയായതായി ഇ ഡി. 37 ഉം 38 ഉം പ്രതികളായാണ് കുറ്റപത്രത്തിൽ അരവിന്ദ് കെജ്‌വാളിനെയും ആം ആദ്മി പാർട്ടിയെയും ഉൾപ്പെടുത്തിയിരിക്കുന്നത്. അന്വേഷണം പൂർത്തിയാക്കിയതിന് പിന്നാലെ സാമ്പത്തിക സ്രോതസ്സുകൾ കണ്ടുകിട്ടുന്ന നടപടിയും വേഗത്തിൽ പൂർത്തിയാക്കുമെന്ന് ഇ.ഡി അറിയിച്ചു. സമയബന്ധിതമായ വിചാരണ നടപടികൾക്ക് ഇഡി ഉടൻ കോടതിയെ സമീപിക്കും.
ഇഡി രജിസ്റ്റർ ചെയ്ത കേസിൽ വെള്ളിയാഴ്ച സുപ്രീം കോടതി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നിരുന്നാലും, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) അന്വേഷിക്കുന്ന അഴിമതിക്കേസിൽ അറസ്റ്റിലായതിനാൽ അദ്ദേഹം ഇപ്പോഴും ജയിലിലാണ്.
അറസ്റ്റ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കെജ്‍രിവാള്‍ നല്‍കിയ ഹർജിയില്‍ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയുമാണു വിധിപറഞ്ഞത്. അറസ്റ്റിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോ എന്ന് പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ 19ലെ വ്യവസ്ഥകള്‍ക്ക് വിധേയമാണോ എന്ന് പരിശോധിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. കെജ്‍രിവാള്‍ 90 ദിവസം ജയില്‍വാസം അനുഭവിച്ചുകഴിഞ്ഞെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചൂണ്ടിക്കാട്ടി. കേസിലെ നിയമവിഷയങ്ങള്‍ മൂന്നംഗ ബെഞ്ചിന് വിട്ടിരിക്കുകയാണ്.