Kerala

കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം; പൊലീസുകാരനെതിരെ വധശ്രമത്തിന് കേസ്

Spread the love

കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച പൊലീസുകാരനെതിരെ വധശ്രമത്തിന് കേസ്. അക്രമം നടത്തിയ സന്തോഷ് കുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യും. ഇന്ധനം നിറച്ചതിന്റെ മുഴുവൻ പണവും നൽകാതെ പോകാൻ ശ്രമിച്ചത് തടഞ്ഞതാണ് ആക്രമണത്തിന് കാരണം.

കണ്ണൂർ സിറ്റി ഡിഎച്ച് ക്യൂവിലെ ഡ്രൈവർ സന്തോഷ് കുമാർ കാറുമായി ടൗണിലെ എൻകെബിടി പമ്പിലെത്തി. 2,100 രൂപയ്ക്ക് പെട്രോൾ അടിച്ചു. തുടർന്ന് 1900 രൂപ മാത്രം നൽകി പോകാൻ ശ്രമിച്ചു. തുടർന്ന് പമ്പിലെ ജീവനക്കാരൻ പള്ളിക്കുളം സ്വദേശി അനിൽ, ബാക്കി പണം കൂടി നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതിന് കൂട്ടാക്കാതിരുന്ന സന്തോഷ് ജീവനക്കാരനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമിച്ചു. ബോണറ്റിൽ പിടിച്ചിരുന്ന അനിലുമായി വാഹനം ഏറെദൂരം മുന്നോട്ടുപോവുകയും ചെയ്തു. വാഹനം നിർത്തിയത് ട്രാഫിക് സ്റ്റേഷന് മുന്നിലായിരുന്നു

കഴിഞ്ഞ ഒക്ടോബറിൽ സന്തോഷ് മറ്റൊരു പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറ്റിയിരുന്നു. പരാക്രമം വിവാദമായതോടെ സന്തോഷ് കുമാറിനെതിരെ വധശ്രമത്തിന് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. സസ്പെൻഷൻ അടക്കമുള്ള വകുപ്പ് തല നടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കി.