Monday, January 27, 2025
Kerala

ജോയിയുടെ മരണത്തിന് ഉത്തരവാദികള്‍ സര്‍ക്കാരും നഗരസഭയും റെയില്‍വേയും: കെ. സുധാകരന്‍

Spread the love

ആമയിഴഞ്ചാന്‍ തോടിലെ നഗരമാലിന്യം വൃത്തിയാക്കാന്‍ ഇറങ്ങിയ ശുചീകരണത്തൊഴിലാളിയായ ജോയിയുടെ മരണത്തിന് ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാരും നഗരസഭയും റെയില്‍വേയുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി.

മാലിന്യനിര്‍മാര്‍ജ്ജനത്തില്‍ അതീവ ഗുരുതരമായവീഴ്ച വരുത്തിയതാണ് രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ചത്. മൂന്ന് ദിവസം നീണ്ട തിരച്ചിലിന് ശേഷവും ജോയിയെ ജീവനോടെ കണ്ടെത്താന്‍ കഴിയാതെ പോയത് അത്രയധികം മാലിന്യം അടിഞ്ഞുകൂടി കിടക്കുന്നത് കൊണ്ടാണ്. ഇത് അധികാരികളുടെ കണ്ണ് തുറപ്പിക്കേണ്ട വിഷയമാണ്. ജീവന്‍ പണയപ്പെടുത്തി ജോയിയെ കണ്ടെത്താനായി ആമയിഴഞ്ചാന്‍ തോട്ടില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് സുത്യര്‍ഹമായ സേവനം നടത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ദൗത്യസംഘത്തിന്റെ സേവനം ആദരിക്കപ്പെടേണ്ടതാണെന്നും സുധാകരന്‍ പറഞ്ഞു.

നഗരത്തിലെ മാലിന്യ സംസ്‌കരണം തദ്ദേശ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.ഉചിതമായ സമയത്ത് വേണ്ടവിധത്തില്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഒരു സാധുമനുഷ്യന് ഇത്തരത്തില്‍ ഒരു ദുരവസ്ഥ ഉണ്ടാകുമായിരുന്നോയെന്ന് പരസ്പരം കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ ചിന്തിക്കണം. ഇവിടെയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടത്തിയ ഓപ്പറേഷന്‍ അനന്തയുടെ പ്രസക്തി. ഫ്‌ലാറ്റ്‌ഫോമുകള്‍ക്ക് അടിയിലുള്ള തുരങ്കത്തിലെ മാലിന്യം നീക്കി വെള്ളമൊഴുക്ക് സുഗമമാക്കാനുള്ള സാമൂഹിക പ്രതിബദ്ധതയും ഉത്തരവാദിത്തവും റെയില്‍വെയ്ക്കുമുണ്ട്. സംസ്ഥാനത്ത് ഉറവിടത്തിലെ മാലിന്യ സംസ്‌കരണം ഫലപ്രദമായി നടക്കുന്നില്ല എന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് റോഡുകളിലും തോടുകളിലും കാനകളിലും കുമിഞ്ഞു കൂടുന്ന മാലിന്യ കൂമ്പാരം.

സമയബന്ധിതമായി മാലിന്യനിര്‍മാര്‍ജ്ജനം നടത്താനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ടവര്‍ നടത്താതിരുന്നതാണ് ഒരു ശുചീകരണ തൊഴിലാളിയുടെ ദാരുണ അന്ത്യത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.ജോയിയുടെ കുടുംബത്തിനുണ്ടായ ഈ ദുരന്തത്തിന്റെ ഉത്തരവാദികള്‍ ഭരണാധികാരികള്‍ തന്നെയാണ്.കൃത്യമായ സമയത്ത് മാലിന്യ നിര്‍മാര്‍ജ്ജനം നടത്തുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരും നഗരസഭയും റെയില്‍വേയും പരസ്പരം ചെളി വാരിയെറിഞ്ഞ നടപടി ഹീനവും അപമാനവുമാണ്. ജോയിയുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വെയും തയ്യാറാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിന്റെ മൂക്കിന് താഴെ ഇതുപോലൊരു ദുരന്തം ഉണ്ടായിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടുപ്പോലും അവിടെയെത്തി രക്ഷപ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രി തയ്യാറായില്ല.വിവിഐപികളുടെ മക്കളുടെ ആഢംബര കല്യാണത്തിന് സ്ഥിര സാന്നിധ്യവും,അതു പോലുള്ള മറ്റു പരിപാടികളില്‍ പങ്കെടുക്കാന്‍ തിരക്കുകള്‍ ഒഴിവാക്കി ഓടിക്കിതച്ചെത്തുന്ന മുഖ്യമന്ത്രി ഒരു ശുചീകരണ തൊഴിലാളിയുടെ ജീവന് ഒരു വിലയും നല്‍കിയില്ല.മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പരാജയമായതിനാല്‍ സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെ പടര്‍ന്നു പിടിക്കുകയാണ്.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനം ഇല്ലായ്മ സാധാരണക്കാരുടെ ജനജീവിതം ദുസ്സഹമാക്കി.ഇനിയും മറ്റൊരു ദുരന്തം ഉണ്ടാകാന്‍ കാത്തിരിക്കാതെ മാലിന്യ നിര്‍മാര്‍ജ്ജനത്തിന് ആവശ്യമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ ഭരണകൂടങ്ങളും അധികാര കേന്ദ്രങ്ങളും തയ്യാറാകണമെന്നും കെ.സുധാകരന്‍ പറഞ്ഞു.