ശക്തമായ കാറ്റിലും മഴയിലും ആലപ്പുഴ ജില്ലയിൽ നാശനഷ്ടങ്ങൾ; ഇലക്ട്രിക് പോസ്റ്റും, മരങ്ങളും കടപുഴകി വീണു
ആലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും ആലപ്പുഴ ജില്ലിയിലെ വിവിധ പ്രദേശങ്ങളിൽ നാശനഷ്ടം. പാണാവള്ളി ഗ്രാമ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇലക്ട്രിക് പോസ്റ്റും, മരങ്ങളും കടപുഴകി വീണ് നാശനഷ്ടമുണ്ടായി. വാഴത്തറ വെളിയിലെ അങ്കണവാടി കെട്ടിടത്തിലേക്ക് ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞു വീണെങ്കിലും ചുറ്റുമതിൽ ഉണ്ടായിരുന്നതിനാൽ വൻ അപകടം ഒഴിവായി. കുട്ടികൾ ഉണ്ടായിരുന്നെങ്കിലും സമയോചിതമായ ഇടപെടൽ മൂലം ഇലക്ട്രിക് ലൈൻ ഓഫാക്കിയതിനാൽ ആർക്കും അപകടം ഒന്നും സംഭവിച്ചില്ല.
ചേർത്തല – അരൂക്കുറ്റി റോഡിൽ പെരുമ്പളം കവലയ്ക്ക് സമീപമുള്ള സലാമിന്റെ പുരയിടത്തിലെ നെല്ലിമരം റോഡിലേക്ക് മറിഞ്ഞ് വീണു. ബൈക്ക് യാത്രക്കാരൻ അതിനടിയിൽ പെട്ടുവെങ്കിലും ആ സമയത്ത് റോഡിൽ മറ്റ് വാഹനങ്ങൾ പിന്നാലെ ഇല്ലാതിരുന്നതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടു. പ്രദേശവാസികൾ ഓടിക്കൂടി മരം മുറിച്ചുമാറ്റി ഗതാഗതം സുഗമമാക്കി. ഇതേ പ്രദേശത്ത് തന്നെ ഒരു ഫർണിച്ചർ കടയുടെയും പവർ ടൂൾസ് കടയുടെയും മുകളിലേക്ക് മരംചുവട് മറിഞ്ഞ് ഒടിഞ്ഞ് വീണ് വാട്ടർ ടാങ്കും പൈപ്പുകളും നശിച്ചു.