സ്‌പെയിന്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാര്‍; ഇംഗ്ലണ്ടിനെ പിന്തള്ളിയത് അവസാന നിമിഷത്തിലെ ഗോളില്‍
ടൂര്‍ണമെന്റിലുടനീളം വീറുറ്റ പോരാട്ടം കാഴ്ച്ച വെച്ച സ്‌പെയിന്‍ യൂറോപ്യന്‍ വന്‍കരയിലെ ഫുട്‌ബോള്‍ അധിപന്മാരായി. 2-1 സ്‌കോറില്‍ വിജയിച്ചു കയറിയാണ് ഇംഗ്ലണ്ടിന്റെ കിരീടമോഹങ്ങള്‍ക്കുമേല്‍ സ്‌പെയിന്‍ തേരോട്ടം നടത്തിയത്. രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. ആദ്യം റികോ വില്ല്യംസിലൂടെ സ്‌പെയിന്‍ മുന്നിലെത്തിയെങ്കിലും പകരക്കാരന്‍ ആയി ഇറങ്ങിയ കോള്‍ പാമര്‍ ഗോള്‍ മടക്കി മത്സരം സമനിലയിലാക്കി. പിന്നിടങ്ങോട്ട് പൊരുതിക്കളിച്ച സ്‌പെയിന്‍ കളി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ മാര്‍ക് കുക്കറെല്ലയുടെ അസിസ്റ്റില് ഒയാര്‍സബല്‍ വലയിലാക്കിയ വിജയഗോളില്‍ കീരിടത്തിലേക്ക് ചുവടുവെച്ചു. നാലാം യൂറോ കപ്പ് കിരീടത്തില്‍ മുത്തമിട്ടതോടെ നാല് യൂറോ കിരീടങ്ങള്‍ നേടുന്ന ആദ്യ ടീമായി സ്പെയിന്‍
മത്സരത്തിന്റെ ആദ്യപകുതി ഗോള്‍ രഹിതമായിരുന്നെങ്കിലും പന്ത് കൂടുതല്‍ സമയം കൈവശം വെച്ച് കളി മെനയുന്നതില്‍ സ്‌പെയിനായിരുന്നു മുന്നില്‍. എന്നാല്‍ കിട്ടുന്ന അവസരങ്ങളില്‍ ഇംഗ്ലണ്ട് തീര്‍ത്ത ഭീഷണി ചെറുക്കാന്‍ സ്‌പെയിന്‍ പ്രതിരോധനിര നന്നേ പാടുപെടുന്നത് കാണാനായി. ആദ്യ പത്ത് മിനിറ്റുകളില്‍ അത്‌ലറ്റിക് മുന്നേറ്റനിര താരം റികോ വില്യംസ് ഇടതുവിങ്ങിലൂടെ അതിവേഗം കയറിയെത്തി ഇംഗ്ലണ്ട് പ്രതിരോധം ഭേദിക്കാന്‍ നിരന്തരം ശ്രമിച്ചു കൊണ്ടിരുന്നു. 12-ാം മിനിറ്റില്‍ ഇത്തരത്തില്‍ അപകടകരമായ ഒരു നീക്കം കണ്ടു. അതിവേഗം ഇംഗ്ലീഷ് ബോക്‌സിനുള്ളിലേക്ക് കടന്നുകയറിയ നിക്കോ വില്യംസ് പോസ്റ്റിന്റെ ഇടതുപാര്‍ശ്വത്തിലെത്തി ക്ലോസ് റേഞ്ചില്‍ നിന്ന് ഷോട്ട് എടുത്തെങ്കിലും ഇംഗ്ലണ്ടിന്റെ പ്രതിരോധനിരയിലെ മാഞ്ചസ്റ്റര്‍ സിറ്റി താരം അതിശയിപ്പിക്കുന്ന രക്ഷപ്പെടുത്തല്‍ നടത്തി. കൃത്യമായ ടൈമിങ്ങില്‍ സ്ലൈഡിങ് ടാക്‌ളിലൂടെ കോര്‍ണര്‍ വഴങ്ങിയാണ് ഭീഷണി ഒഴിവാക്കിയത്. തൊട്ടുപിന്നാലെ 17-ാം മിനിറ്റില്‍ കെയ്ല്‍ വാക്കറുടെ ക്രോസ് അപകടമില്ലാതെ ബോക്‌സിനുള്ളിലൂടെ കടന്നുപോയി.
രണ്ടാംപകുതി തുടങ്ങി മിനിറ്റുകള്‍ മാത്രം പിന്നിട്ടപ്പോഴേക്കും സ്പെയിന്‍ 47-ാം മിനിറ്റില്‍ ലീഡ് കണ്ടെത്തി. പതിനേഴുകാരന്‍ ലാമിന്‍ യമാലിന്റെ അസിസ്റ്റില്‍നിന്നാണ് ഗോള്‍ പിറന്നത്. ബോക്സിന്റെ വലതുവശത്തുനിന്ന് യമാല്‍ മറുപുറത്ത് ഓടിയെത്തുകയായിരുന്ന നിക്കോ വില്യംസിനെ ലക്ഷ്യംവെച്ച് നല്‍കിയ പന്ത് ഫലം കണ്ടു. വില്യംസിന് തന്റെ ഇടംകാലുകൊണ്ട് അനായാസം പന്ത് വലയിലെത്തിക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. ഈ ഗോളോടെ യമാലിന്റെ ഈ യൂറോ കപ്പിലെ അസിസ്റ്റുകളുടെ എണ്ണം നാലായി. വില്യംസനാകട്ടെ തന്റെ ഈ യൂറോ കപ്പ് ടൂര്‍ണമെന്റിലെ രണ്ടാമത്തെ ഗോളും. ഒരു യൂറോ കപ്പ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലും സെമി ഫൈനലിലും ഫൈനലിലും ഗോളോ അസിസ്റ്റോ നേടുന്ന ആദ്യ താരമാവാനും യമാലിന് കഴിഞ്ഞു. വില്യംസിന്റെ ഗോളോടെ ഒരു യൂറോ കപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ടീം എന്ന ഫ്രാന്‍സിന്റെ റെക്കോഡിനൊപ്പവും സ്‌പെയിന്‍ എത്തി. 14 ഗോളുകളാണ് സ്പെയിന്‍ നേടിയത്. 1984-ല്‍ ഫ്രാന്‍സ് നേടിയ 14 ഗോള്‍ റെക്കോഡിനൊപ്പമാണിത്.