ജോയിക്കായുള്ള തെരച്ചിൽ മൂന്നാം ദിവസത്തിലേക്ക്; നേവി സംഘം തെരച്ചിൽ ആരംഭിക്കും
ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിക്കായി മൂന്നാം ദിവസമായ ഇന്നും തെരച്ചിൽ തുടരും. നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള തെരച്ചിൽ രാവിലെ തുടങ്ങും. സ്കൂബ ടീമും നേവി സംഘത്തിനൊപ്പം തെരച്ചിലിന് ഇറങ്ങും. സോണാർ ഉപയോഗിച്ച് പരിശോധിച്ച ശേഷമാകും ഇന്നത്തെ ദൗത്യം തുടങ്ങുക.
രക്ഷാപ്രവർത്തനത്തിനായി ഇന്നലെ രാത്രി നാവികസേന സംഘം സ്ഥലത്ത് എത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഇന്ന് രാവിലെ സോണാർ ഉപയോഗിച്ചുള്ള പരിശോധന നേവി ആരംഭിക്കും. തോട്ടിലെ ദൃശ്യങ്ങൾ ശേഖരിച്ച ശേഷമാകും മറ്റു പരിശോധനകളിലേക്ക് കടക്കുക. ഫയർ ഫോഴ്സിന്റെ സ്കൂബാ സംഘവും രാവിലെ തന്നെ പരിശോധന തുടങ്ങും.
ഇന്നലെ റെയിൽവേ സ്റ്റേഷനിലെ മാൻ ഹോളുകൾ ഫ്ലഷ് ചെയ്ത് ടണലിലെ മാലിന്യം പുറത്ത് കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇന്ന് മൈനർ ഇറിഗേഷൻ വിഭാഗം തോട്ടിൽ തടയണ കെട്ടി വെള്ളം ശക്തിയായി കടത്തിവിട്ട് മാലിന്യം പുറത്തേക്ക് തള്ളാൻ ശ്രമം നടത്തും. അതേസമയം അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൽ തിരുവനന്തപുരം കോർപ്പറേഷനും ദക്ഷിണ റെയിൽവേയും തമ്മിലുള്ള പോര് തുടരുകയാണ്.