Kerala

‘ചെയ്യുന്നതിനാണ് പ്രാധാന്യം, സ്ഥലം ഏതെന്ന് നോക്കിട്ടല്ല; ജീവൻ രക്ഷിക്കുകയാണ് ലക്ഷ്യം’; ജോയിക്കായി തെരച്ചിൽ നടത്തിയ സ്‌കൂബ സംഘം

Spread the love

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളി എൻ ജോയിയുടെ മൃതദേഹം 47 മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തി. മൂന്നാം ദിവസത്തേക്ക് നീണ്ട രക്ഷാദൗത്യത്തിനിടെയാണ് ജോയിയുടെ മൃതദേഹം പഴവങ്ങാടി തകരപ്പറമ്പിലെ കനാലിൽ കണ്ടെത്തിയത്. ജോയിയെ കാണാതായത് ദൗർഭാ​ഗ്യകരമായ സംഭവം ആണെങ്കിലും അഭിനന്ദനാർഹമായ പ്രവർത്തനമായിരുന്നു ദുഷ്കരമായ രക്ഷാ ദൗത്യം നടത്തിയ അ​ഗ്നിശമന സേനയുടെ സ്കൂബ സംഘം നടത്തിയത്.

ജോയിയെ കണ്ടെത്തുന്നത് വരെ വിശ്രമമില്ലാത്ത തെരച്ചിലായിരുന്നു സ്കൂബ സംഘം നടത്തിയിരുന്നത്. ‘ഞങ്ങൾ ചെയ്യുന്നതിനാണ് പ്രാധാന്യം നൽകിയതെന്നും സ്ഥലം ഏതെന്ന് നോക്കിട്ടല്ലെന്ന്’ ജോയിക്കായി തെരച്ചിൽ നടത്തിയ സ്കൂബ സംഘം ട്വന്റിഫോറിനോട് പ്രതികരിച്ചു. ജീവൻ രക്ഷിക്കുകയാണ് ലക്ഷ്യമെന്ന് സ്കൂബ സം പറഞ്ഞു. വളരെ ദുഷ്കരമായിരുന്നു ദൗത്യമെന്ന് സ്കൂബ സംഘാം​ഗം പറഞ്ഞു. എന്താണോ ഏറ്റെടുക്കുന്നത് അത് വിജയകരമായി പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യമെന്ന് സ്കൂബ സംഘത്തിന് നേതൃത്വം നൽകിയ ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

എല്ലാവിധ പിന്തുണയും ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ചിരുന്നു. മാലിന്യമായിരുന്നു രക്ഷാദൗത്യത്തിന്റെ വെല്ലുവിളി. മുകളിലും താഴെയും മാലിന്യം എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നുവെന്ന് സ്‌കൂബ സംഘം പറഞ്ഞു. 47 മണിക്കൂർ നീണ്ട തെരച്ചിലിനിടെയാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. പഴവങ്ങാടി തകരപ്പറമ്പിലെ കനാലിൽ മൃതദേഹം പൊങ്ങി. കഴിഞ്ഞ ശനിയാഴ്ചയാണ് ജോയിയെ കാണാതായത്. ജോയിക്കായി തെരച്ചിൽ മൂന്നാം ദിവസത്തിലേക്ക് കടന്നിരുന്നു. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.