ഷൈനി വിൽസൺ, അഞ്ചു, മോളി ചാക്കോ; പ്രമുഖരുടെ ദ്രോണാചാര്യൻ, 6 പതിറ്റാണ്ട് നീണ്ട കോച്ചിങ്ങിന് വിടപറഞ്ഞ് തോമസ് മാഷ്
തൊടുപുഴ: കായിക തപസ്യയുടെ നീണ്ട ആറ് പതിറ്റാണ്ടിന് ശേഷം ദ്രോണാചാര്യ കെ.പി. തോമസ് മാഷ് കോച്ചിങ്ങിനോട് വിട പറഞ്ഞു. ഒളിമ്പ്യൻ ഷൈനി വിൽസൺ, അഞ്ചു ബോബി, ജിൻസി ഫിലിപ്പ്, അപർണ നായർ, മോളി ചാക്കോ, സി.എ. മുരളീധരൻ, ജോസഫ് ജി. എബ്രഹാം തുടങ്ങിയ നിരവധി പ്രമുഖർ മാഷിന്റെ ശിഷ്യരാണ്. ദ്രോണാചാര്യ പുരസ്‌കാരമടക്കം ഇതിനോടകം മാഷിനെ തേടിയെ എത്തിയിട്ടുണ്ട്. തൊടുപുഴ യൂണിറ്റി സോക്കർ സ്‌കൂളിൽ നടത്തിയ വിടവാങ്ങൽ ചടങ്ങിൽ സ്‌പോർട്സ് രംഗത്തേത് ഉൾപ്പെടെയുള്ള നിരവധി പേർ പങ്കെടുത്തു.
തൊടുപുഴ വഴിത്തല സ്വദേശിയാണ് കുരിശിങ്കൽ ഫിലിപ്പ് തോമസ് എന്ന കെ.പി. തോമസ്. 16 വർഷം സംസ്ഥാന കായികമേളയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയും കോരുത്തോട് സ്കൂളും കിരീടം കരസ്ഥമാക്കിയതിന് പിന്നിൽ മാഷിന്റെ പരിശീലനമായിരുന്നു. പിന്നീട് വിദ്യാഭ്യാസ ജില്ലാ കിരീടം മാറ്റിയപ്പോൾ അഞ്ചു വർഷം കോട്ടയം ജില്ലയ്ക്ക് ചാമ്പ്യൻപട്ടം നീട്ടി കൊടുത്തു.
മിലിട്ടറി സേവനത്തിന് ശേഷം കായിക പരിശീലനത്തിലേയ്ക്ക്
16 വർഷത്തെ മിലിട്ടറി സേവനത്തിനുശേഷം നാട്ടിലെത്തിയ തോമസ് മാഷ് സ്‌പോർട്സ് പരിശീലന ജോലിയിൽ പ്രവേശിക്കുകയായിരുന്നു. കോരുത്തോട് സി.കെ.എം.എച്ച്.എസിലായിരുന്നു അദ്ധ്യാപകനായി ആദ്യം നിയമനം ലഭിച്ചത്. സ്‌കൂളിന് 16 വർഷം കിരീടം വാങ്ങി നൽകി. 2005ൽ ഏന്തയാർ ജെ.ജെ. മർഫി സ്‌കൂളിലേക്ക് പരിശീലനം മാറ്റിയ തോമസ് മാഷ് ഇവിടെ നിന്ന് നിരവധി കുട്ടികളെ സംസ്ഥാന തലത്തിലും ചാമ്പ്യന്മാരാക്കി.
സർവീസിൽ നിന്ന് വിരമിച്ച ശേഷമാണ് വണ്ണപ്പുറം എസ്.എൻ.എം.എച്ച്.എസ്.എസിൽ പരിശീലകനായി എത്തുന്നത്. ഇവിടെ സ്‌പോർട്സ് അക്കാദമി രൂപീകരിച്ചു. നിലവിൽ പൂഞ്ഞാർ എസ്.എം.പി ഹയർ സെക്കൻഡറി സ്‌കൂളിലെ പരിശീലകനായിരുന്നു. ഒളിമ്പിക്സിൽ മലയാളത്തിന് ഒരു മെഡൽ എന്ന സ്വപ്നം ബാക്കിയാക്കിയാണ് തോമസ് മാഷിന്റെ പടിയിറക്കം. തൊടുപുഴ യൂണിറ്റി തൊടുപുഴ വെങ്ങല്ലൂർ സോക്കർ സ്‌കൂളിൽ ചേർന്ന വിടവാങ്ങൽ യോഗത്തിൽ സ്‌പോർട്സ് ലേഖകരായിരുന്ന രവീന്ദ്രദാസ്, സനൽ പി. തോമസ്, ഷാജി ജേക്കബ്, പ്രസ്‌ക്ലബ് സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളി, മുൻ സന്തോഷ് ട്രോഫി താരം പി.എ. സലിംകുട്ടി എന്നിവർ സംസാരിച്ചു.