Kerala

പാർട്ടിയെ തെറ്റിദ്ധരിപ്പിച്ചതാരെന്ന് കണ്ടെത്തണം, അതിനാണ് പൊലീസിനെ സമീപിക്കുന്നത്’; കോഴ ആരോപണം നിഷേധിച്ച് പ്രമോദ് കോട്ടൂളി

Spread the love

പാർട്ടി തെറ്റിദ്ധരിക്കപ്പെട്ടുവെന്നും അതിന് ഇടയാക്കിയവരെ പുറത്തുകൊണ്ടുവരാനാണ് പോലീസ് അന്വേഷണം ആവശ്യപ്പെടുന്നതെന്നും പി എസ് സി തട്ടിപ്പിൽ ആരോപണ വിധേയനായ പ്രമോദ് കോട്ടൂളി. തന്നെ പുറത്താക്കിയ കാര്യം പാർട്ടി തന്നെ അറിയിച്ചിട്ടില്ലെന്ന് പ്രമോദ് കോട്ടൂളി മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തിൽ പാർട്ടിയെ താൻ തള്ളിപ്പറയുന്നില്ല. പക്ഷേ പാർട്ടിയെ തെറ്റിദ്ധരിപ്പിച്ചതാരെന്ന് തനിക്ക് അറിയണം. അതിനാണ് പൊലീസിനെ സമീപിക്കുന്നത്. പാർട്ടിയിലെ ആരോടും തർക്കം ഉണ്ടാക്കുന്ന ആളല്ല താൻ. പ്രമോദ് കോഴ വാങ്ങിയോ എന്ന് പൊതുസമൂഹത്തിന് അറിയണം. അക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും പ്രമോദ് മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ, പാർട്ടിയിൽ വിഭാഗീയത ഉണ്ടെന്ന് സൂചന നൽകി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പ്രേംകുമാർ ഇല്ലത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ പ്രമോദ് കോട്ടൂളിയുടെ കമന്റ് പ്രത്യക്ഷപ്പെട്ടു. എല്ലാ ചതികളിലും നിങ്ങളാണ് നായകൻ എന്നായിരുന്നു കമൻ്റ്.

പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും, പാർട്ടി അച്ചടക്കത്തിന് വിരുദ്ധമായി എന്താണ് പ്രമോദ് കോട്ടൂളി ചെയ്തതെന്ന് സിപിഐഎം നേതൃത്വം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, പ്രമോദിന്റെ റിയൽ എസ്റ്റേറ്റ് ബന്ധങ്ങൾ ഉൾപ്പെടെ കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ചർച്ച ആയെന്നാണ് വിവരം.സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഡിസിസി പ്രസിഡൻറ് അഡ്വക്കേറ്റ് കെ പ്രവീൺകുമാർ ആവശ്യപ്പെട്ടിട്ടുണ്ട്.