Kerala

കില്ലർ ഗെയിമുകൾ വീണ്ടും സജീവം? ഫോണിലെ നിര്‍ണായക വിവരം തേടി പൊലീസ്; വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയിൽ അന്വേഷണം

Spread the love

കൊച്ചി: ഓൺലൈൻ ഗെയിമിലെ സാഹസിക പ്രകടനം അനുകരിച്ച് പത്താം ക്ളാസ് വിദ്യാർത്ഥി ഫാനിൽ തൂങ്ങി മരിച്ച കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കുട്ടി ഉപയോഗിച്ച മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. എറണാകുളം കപ്രശ്ശേരിയിലെ പത്താം ക്ളാസ് വിദ്യാർത്ഥിയാണ് ഫാനിൽ തൂങ്ങി മരിച്ചത്. ദൂരൂഹമായ രീതിയിൽ മൃതദേഹം കണ്ടതാണ് ഓൺലൈൻ ഗെയിമിങിലെ കെണിയാണോ മരണകാരണമെന്ന അന്വേഷണത്തിലേക്ക് എത്തിച്ചത്.

കഴിഞ്ഞ ദിവസമാണ് എറണാകുളം ചെങ്ങമനാടിൽ 15കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി കൈകളും കാലുകളും കെട്ടി വായ ടേപ്പ് കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. ഓൺലൈൻ ഗെയിമിലെ ടാസ്കിന്‍റെ ഭാഗമായാണ് കുട്ടി തൂങ്ങിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഡെവിൾ എന്ന പേരിലുള്ള ഒരു ഗെയിം കുട്ടിയുടെ അമ്മയുടെ ഫോണിൽ നിന്ന് കണ്ടെത്തിയിരുന്നു. ഈ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോണ്‍ വിശദമായ പരിശോധിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്