Kerala

ജോയിക്കായി തെരച്ചിൽ തുടരുന്നു; വെള്ളം ശക്തിയായി ഒഴുക്കിവിടുന്നു; നേവി സംഘം ഉടനെത്തും

Spread the love

തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായി തെരച്ചിൽ തുടരുന്നു. വെള്ളം ശക്തിയായി ഒഴുക്കിവിടുന്ന ഫ്ളഷിങ് പ്രക്രിയ തുടങ്ങി. തടയണ കെട്ടി നിർത്തിയ വെള്ളം ശക്തിയായി ഒഴുക്കി വിട്ടാണ് പരിശോധന നടത്തുന്നത്. മാൻ ഹോളിന്റെ സമീപത്ത് നിന്ന് പവർഹൗസ് റോഡിലേക്കാണ് വെള്ളം ഒഴുക്കി വിടുന്നത്.

ടണലിൽ ഒരാൾ പൊക്കത്തിലാണ് ചളി കെട്ടിനിൽക്കുന്നത്. ഇത് തെരച്ചിലിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. കൊച്ചിയിൽ നിന്ന് നേവി സംഘം തിരുവനന്തപുരത്തേക്ക് തിരിച്ചതായി മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സർക്കാരിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. നേവി സംഘം എത്തിയ ശേഷം മറ്റ് മാർ​ഗങ്ങളിലേക്ക് കടക്കുമെന്ന് മന്ത്രി അറിയിച്ചു. റെയിൽവേ ഇപ്പോൾ സഹകരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. രാവിലെ ഉന്നതതല യോഗത്തിന് ശേഷം റെയിൽവേ സഹകരിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

എൻഡിആർഎഫിൻറെ നേതൃത്വത്തിൽ ആണ് തെരച്ചിൽ. ഫയർഫോഴ്സിൻറെ 12 അംഗ സ്കൂബ ഡൈവിംഗ് സംഘവും തെരച്ചിലിനായിട്ടുണ്ട്. മാലിന്യം അടഞ്ഞുകൂടി കിടക്കുന്നതിനാൽ മാൻഹോൾ വഴിയുള്ള രക്ഷാപ്രവർത്തനം നേരത്തെ നിർത്തിയിരുന്നു. ടണൽ എക്‌സിറ്റിലെ പരിശോധന അവസാനിപ്പിച്ചു. പ്ലാറ്റ്ഫോം 4നു സമീപത്തെ മാൻഹോളിൽ രക്ഷാദൗത്യ സംഘം പരിശോധന നടത്തിയിരുന്നു. 150 മീറ്റർ ടണലിലേക്ക് 100 മീറ്റർ ഫയർഫോഴ്സ് കവർ ചെയ്തു കഴിഞ്ഞിരുന്നു.