തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി
തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി. ചെന്ത്രാപ്പിന്നി ചാമക്കാലയിലും എളവള്ളിയിലും മിന്നൽ ചുഴലി. മൂന്ന് വീടുകൾ ഭാഗീകമായി തകർന്നു. മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ പൊട്ടിവീണു. ഇന്ന് ഉച്ചയോടെയുണ്ടായ മിന്നൽ ചുഴലിയിൽ നിരവധി മരങ്ങൾ കടപുഴകി വീണു.
വൈകീട്ട് മൂന്നരയോടെയാണ് ചാമക്കാലയിൽ ചുഴലികാറ്റ് ആഞ്ഞടിച്ചത്. സെക്കന്റുകൾ മാത്രമാണ് ചുഴലിക്കാറ്റ് നീണ്ടു നിന്നത്. ചാമക്കാല പള്ളത്ത് ക്ഷേത്രത്തിനടുത്ത് തൊട്ടടുത്ത പറമ്പിലെ തേക്ക് മരം കടപുഴകി വീണ് സമീപത്തുണ്ടായിരുന്ന വീട് ഭാഗികമായി തകർന്നു. എടവഴിപ്പുറത്ത് വീട്ടിൽ മുത്തുവിന്റെ ഓടിട്ട വീടിന് മുകളിലേക്കാണ് മരം വീണത്. വീട്ടുകാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
അതേസമയം, എറണാകുളം മറ്റൂർ-നെടുമ്പാശേരി വിമാനത്താവള റോഡിൽ നിന്ന മരം ശക്തമായ കാറ്റിൽ വാഹനത്തിന് മുകളിലേക്ക് വീണു. വിമാനത്താവളത്തിലേക്ക് പോയ കാറിന് മുകളിലേക്ക് മരം വീണത്. ആർക്കും പരുക്കില്ല.