‘നടപടിയെ കുറിച്ച് വിവരം കിട്ടിയില്ല; എൻ്റെ അമ്മയെ എനിക്ക് സത്യം ബോധ്യപ്പെടുത്തണം’; പ്രമോദ് കോട്ടൂളി
പാർട്ടി നടപടിയെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നും ഏരിയ കമ്മിറ്റി ഒന്നും പറഞ്ഞിട്ടില്ലെന്നും പുറത്താക്കപ്പെട്ട സിപിഐഎം നേതാവ് പ്രമോദ് കോട്ടൂളി. റിയൽ എസ്റ്റേറ്റ് കച്ചവടം നടത്തിയെങ്കിൽ തെളിയിക്കട്ടെയെന്ന് പ്രമോദ് കോട്ടൂളി മാധ്യമങ്ങളോട് പ്രതികരിച്ചു. പരാതി ഉന്നയിച്ച വ്യക്തിയുടെ വീടിന് മുന്നിൽ സമരം ഇരിക്കുമെന്ന് പ്രമോദ് വ്യക്തമാക്കി.
“എൻ്റെ അമ്മയെ എനിക്ക് സത്യം ബോധ്യപ്പെടുത്തണം. ഞാൻ 22 ലക്ഷം വാങ്ങി എങ്കിൽ തെളിവ് തരണം. പണം കൊടുത്തത് ആര് ആർക്ക് എന്ന് എപ്പോൾ എവിടെ എന്ന് എൻ്റെ അമ്മയെ ആരോപണം ഉന്നയിച്ച വ്യക്തി പറയണം” എന്ന് പ്രമോദ് കോട്ടൂളി പറഞ്ഞു. അമ്മയ്ക്കും മകനുമൊപ്പമാണ് പ്രമോദ് പരാതിക്കാരനായ ശ്രീജിത്തിൻ്റെ വീട്ടിലേക്ക് പോയിരിക്കുന്നത്. അഞ്ച് ദിവസമായി കോഴ വാങ്ങി എന്ന് പറഞ്ഞ് എൻ്റെ ഫോട്ടോ പ്രചരിക്കുന്നുവെന്നും ഏത് അന്വേഷണത്തിലും സഹകരിക്കുമെന്നും പ്രമോദി വ്യക്തമാക്കി.
പാർട്ടി വിശദീകരണം ചോദിച്ചതിൽ എല്ലാം തുറന്ന് പറയാമെന്ന് പ്രമോദ് പറഞ്ഞു. തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് പ്രമോദ് പറയുന്നു. ആരോപണത്തിൽ കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. സിപിഐഎം കോഴിക്കോട് ജില്ലാ കമ്മറ്റിയിലാണ് തീരുമാനം. പാർട്ടിക്കു ചേരാത്ത പ്രവർത്തനം നടത്തിയെന്ന് കമ്മിറ്റിയിൽ വിമർശനം ഉയർന്നിരുന്നു.