‘അമ്മയ്ക്കും മകനും ശാരീരിക അസ്വസ്ഥതകൾ’; പരാതിക്കാരന്റെ വീടിനുമുന്നിലെ പ്രതിഷേധം അവസാനിപ്പിച്ച് പ്രമോദ് കോട്ടൂളി
പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ പരാതിക്കാരന്റെ വീടിന് മുന്നിൽ ആരംഭിച്ച പ്രതിഷേധം അവസാനിപ്പിച്ച് പ്രമോദ് കോട്ടൂളി. അമ്മയ്ക്കും മകനും ചില ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്നും അതിനാൽ തൽക്കാലം വീട്ടിലേക്ക് മടങ്ങുന്നതായും പ്രമോദ് കോട്ടൂളി പറഞ്ഞു. പരാതിക്കാരനായ ശ്രീജിത്തിന്റെ വീടിന് മുന്നിലായിരുന്നു പ്രമോദിന്റെ പ്രതിഷേധം നടന്നത്.
തന്റെ നിരപരാധിത്വം തെളിയുന്നത് വരെ പോരാട്ടം തുടരുമെന്നും അതിന് എല്ലാ വഴികളും നോക്കുമെന്നും പ്രമോദ് കോട്ടൂളി പറഞ്ഞു. “ഞാൻ 22 ലക്ഷം വാങ്ങി എങ്കിൽ തെളിവ് തരണം. പണം കൊടുത്തത് ആര് ആർക്ക് എന്ന് എപ്പോൾ എവിടെ എന്ന് എൻ്റെ അമ്മയോട് ആരോപണം ഉന്നയിച്ച വ്യക്തി പറയണം” എന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രമോദ് പരാതിക്കാരന്റെ വീടിന് മുന്നിൽ പ്രതിഷേധിക്കാനെത്തിയത്.
പരാതിക്കാരൻ തന്റെ പരിചയക്കാരനാണെന്ന് പ്രമോദ് പറയുന്നു. പി.എസ്.സി കോഴയുമായി ബന്ധപ്പെടുത്തി എന്ത് ചെയ്യണമെന്ന് അറിയുന്ന വലിയ ആളൊന്നുമല്ല താനെന്നും ഒരു കാരണവശാലും താൻ പാർട്ടിയെ തള്ളിപ്പറയില്ലെന്നും പ്രമോദ് പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസ് സഹോദര തുല്യനാണെന്നും ഒരു സഹോദരൻ ഒരിക്കലും മറ്റൊരു സഹോദരനെ കശാപ്പ് ചെയ്യില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. പ്രസ്ഥാനത്തിൽ നിന്ന് പുറത്തായപ്പോൾ താൻ മരണപെട്ടെന്ന് പ്രമോദ് പറഞ്ഞു. ചാര കേസിൽ അകപ്പെട്ട നമ്പി നാരായണൻറെ അവസ്ഥ ആണ് തനിക്കെന്ന് പ്രമോദ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ പ്രതികരിച്ചിരുന്നത്.