Kerala

ഡാണാപ്പടി – കായംകുളം പാതയിൽ കുഴികളെണ്ണി മടുത്ത് നാട്ടുകാർ, മഴ പെയ്തതോടെ അപകടമൊളിപ്പിച്ച് റോഡിലെ കുഴികൾ

Spread the love

ഹരിപ്പാട്: 16 കിലോമീറ്റർ ഡാണാപ്പടി – കായംകുളം റോഡിൽ കുഴികളെണ്ണി മടുത്ത് നാട്ടുകാർ. ചെറുതും വലുതുമായ കുഴികളാണ് ഇവിടെ യാത്രക്കാർക്ക് ഭീഷണിയാകുന്നത്. 16 കിലോമീറ്ററോളം നീളമുളള റോഡിൽ രണ്ടു ഭാഗങ്ങൾ റീ ടാറിങ് നടത്തിയിരുന്നു. ബാക്കിയുളളിടത്താണ് ചെറുതും വലുതുമായ കഴികളുളളത്. കാർത്തികപ്പളളി മുതൽ ചൂളത്തെരുവ് ജംഗ്ഷൻ വരെയും മാമൂടിനു തെക്കു മുതൽ കായംകുളം വരെയുമുളള ഭാഗങ്ങളാണ് മൂന്ന് ഘട്ടമായി റീ ടാറിങ് നടത്തിയത്.

ഇനി മാമൂടിന് തെക്ക് മുതൽ ചൂളത്തെരുവ് വരെയും കാർത്തികപ്പളളി ജംഗ്ഷൻ മുതൽ ഡാണാപ്പടി വരെയുമാണ് ചെയ്യാനുളളത്. ഡാണാപ്പടി മത്സ്യ മാർക്കറ്റിനു മുൻവശം, അനന്തപുരം, കാർത്തികപ്പള്ളി ജംഗ്ഷൻ, ഉമ്മർ മുക്ക്, കല്ലുംമൂട്, മുതുകുളം ഹൈസ്കൂൾ ജംഗ്ഷൻ, വെട്ടത്ത്മുക്ക് എന്നീ ഭാഗങ്ങളിലെല്ലാം ആളെ വീഴ്ത്തും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളിൽ ദിവസേന എന്ന കണക്കിൽ അപകടവും പതിവാണ്.

കുഴികളിൽ മഴവെള്ളം നിറഞ്ഞ് കിടക്കുന്നതിനാൽ യാത്രക്കാർ അറിയാതെ കുടുങ്ങുന്നതും പതിവ്. ഇരു ചക്രവാഹന യാത്രക്കാരാണ് ഏറെയും അപകടത്തിൽ പെടുന്നത്. ചില കുഴികൾ കോൺക്രീറ്റ് മിശ്രിതമിട്ട് അടച്ചെങ്കിലും മഴ കാരണം ദിവസങ്ങൾക്കുളളിൽ തന്നെ അടർന്നു പോയി. മുതുകുളം ഹൈസ്കൂൾ മുക്ക്, കല്ലുംമൂട് ഭാഗത്തുളള കുഴികൾ മുതുകുളം ഹയർസെക്കൻഡറി സ്കൂളിലെയും സംസ്കൃത ഹയർസെക്കൻഡറി സ്കൂളിലെയും കോളജുകളികളിലെയും വിദ്യാർഥികൾ ഉൾപ്പെടെയുളളവരെ റോഡിലെ കുഴികൾ തരക്കേടില്ലാത്ത രീതിയിൽ ബുദ്ധിമുട്ടിക്കുന്നുണ്ട്.

ചെറിയ മഴ പെയ്താൽ പോലും കാർത്തികപ്പളളി ജംഗ്ഷൻ വെളളക്കെട്ട് രൂപപ്പെടുന്നതും ദുരിതമാകുകയാണ്. ചിങ്ങോലി വില്ലേജ് ഓഫീസിന്റെ മുന്നിൽ കായംകുളം റോഡ് തുടങ്ങുന്ന ഭാഗത്താണ് വെളളക്കെട്ടു രൂപപ്പെടുന്നത്. ഇവിടെ അടുത്തിടെ സൗന്ദര്യവത്കരണ പ്രവൃത്തികൾ നടത്തിയിരുന്നു. എന്നിട്ടും വെളളം ഒഴുകിപ്പോകാൻ മതിയായ സൗകര്യമൊരുക്കിയില്ലെന്ന് ആക്ഷേപമുണ്ട്.