World

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് അതിർത്തി കടത്താന്‍ ശ്രമിച്ചത് 104 പാമ്പുകളെ; ഒടുവില്‍ പിടിയില്‍

Spread the love

മനുഷ്യക്കടത്തിനും മൃഗക്കടത്തിനും നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. നിയമം മൂലം നിരോധിക്കാന്‍ നോക്കിയാലും ഏതെങ്കിലുമൊരു പഴുതിലൂടെ വീണ്ടും വീണ്ടും ഇത്തരം അനധികൃത കടത്തുകള്‍ നടക്കുന്നു. ലഹരിമരുന്ന് കടത്തുകാരാണ് ഇത്തരം അനധികൃത കടത്തിന്‍റെ രാജാക്കന്മാര്‍, ക്യാപ്സൂള്‍ പരുവത്തിലാക്കിയ ലഹരികള്‍ പ്ലാസ്റ്റിക് ഉപയോഗിച്ച് പൊഞ്ഞ് അവ വിഴുങ്ങി വയറ്റിലാക്കി രാജ്യാതിര്‍ത്തി കടത്തുന്നവര്‍ വരെ ഇന്ന് ഈ രംഗത്ത് സജീവമാണ്. ഇതിനിടെയാണ് ഹോങ്കോങ്ങിനും ഷെൻഷെൻ നഗരത്തിൽ നിന്നും ചൈനയിലേക്ക് നൂറ് കണക്കിന് വിഷപ്പാമ്പുകളെ അടക്കം കടത്താന്‍ ശ്രമിച്ച ഒരാള്‍ അറസ്റ്റിലായത്. അതും തന്‍റെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചായിരുന്നു ഇയാള്‍ വിഷ പാമ്പുകളെ കടത്താന്‍ ശ്രമിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

അർദ്ധ സ്വയംഭരണാധികാരമുള്ള ഹോങ്കോങ്ങിനും ചൈനയിലെ ഷെൻഷെൻ നഗരത്തിനും ഇടയിലുള്ള ക്രോസിംഗിലെ ‘നത്തിംഗ് ടു ഡിക്ലയർ’ എന്ന ഗേറ്റിലൂടെ കടന്നുപോയ ശേഷമാണ് സംശയം തോന്നി, ഇയാളെ തടഞ്ഞ് പരീശോധിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ‘ഓരോ ബാഗിലും എല്ലാത്തരം ആകൃതിയിലും വലുപ്പത്തിലും നിറത്തിലുമുള്ള ജീവനുള്ള പാമ്പുകളെ കണ്ടെത്തി.’ എന്ന് ചൈനീസ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ ആറ് പ്ലാസ്റ്റിക് ബാഗുകളിലായാണ് 104 പാമ്പുകളെ കണ്ടെത്തിയത്.

ചൈനീസ് കസ്റ്റംസ് പുറത്തുവിട്ട വീഡിയോയിൽ ചുവപ്പ്, പിങ്ക്, വെള്ള നിറങ്ങളുള്ള നിരവധി പാമ്പുകളെ ഇട്ടിരിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ കാണാം. പാമ്പുകളെല്ലാം തന്നെ താരതമ്യേന ചെറുതായിരുന്നു. എന്നാല്‍ ഇത്രയേറെ പാമ്പുകളെ ഇങ്ങനെയാണ് ഇയാള്‍ അടിവസ്ത്രത്തില്‍ വിദഗ്ദമായി ഒളിപ്പിച്ചതെന്ന് വ്യക്തമല്ല. ചൈനയിലെ കർക്കശമായ ബയോസെക്യൂരിറ്റി, രോഗനിയന്ത്രണ നിയമങ്ങൾ മൂലം രാജ്യത്തേക്ക് അനുവാദമില്ലാതെ സ്വദേശികളല്ലാത്ത ജീവികളെ കൊണ്ടുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2023ൽ ഇതേ അതിര്‍ത്തിയില്‍ വച്ച് ഒരു സ്ത്രീ തന്‍റെ ബ്രായ്ക്കുള്ളിൽ അഞ്ച് പാമ്പുകളെ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് പിടികൂടിയിരുന്നു. നിയമങ്ങള്‍ ഉണ്ടെങ്കിലും ലോകത്തിലെ ഏറ്റവും വലിയ മൃഗക്കടത്ത് കേന്ദ്രങ്ങളിലൊന്നാണ് ചൈന.