Kerala

ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പ് അടിമുടി വ്യാജൻ; രജിസ്ട്രേഷൻ റദ്ദാക്കാൻ ശുപാര്‍ശ

Spread the love

ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പ് അടിമുടി വ്യാജനെന്ന് മോട്ടോർ വാഹന വകുപ്പ്. വണ്ടി പൂർണമായ് റീ അസംബിൾ ചെയ്തതെന്ന് കണ്ടെത്തി. ഇതേതുടര്‍ന്ന് ജീപ്പിന്റെ രജിസ്ട്രേഷൻ സ്ഥിരമായി റദ്ദാക്കാൻ മലപ്പുറം ആര്‍ടിഒയ്ക്ക് വയനാട് എൻഫോഴ്സ്മെന്‍റ് ആര്‍ടിഒ ശുപാർശ ചെയ്തു.
ജീപ്പ് സൈന്യം 2016 ൽ ലേലം ചെയ്തതെന്നും കണ്ടെത്തിയിട്ടുണ്ട്. ആദ്യ രജിസ്ട്രേഷൻ പഞ്ചാബിലാണെന്നും പിന്നീട് 2017ൽ മലപ്പുറത്ത് റീ റജിസ്റ്റർ ചെയ്തതായുമാണ് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

ഇതിനിടെ ആകാശ് തില്ലങ്കേരി ഓടിച്ച വാഹനം രൂപമാറ്റം വരുത്താൻ ഉപയോഗിച്ച ടയറുകൾ മോട്ടോർ വാഹന വകുപ്പും പൊലീസും ചേർന്ന് പിടിച്ചെടുത്തിരുന്നു. ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത് ഷൈജലിന്‍റെ വീട്ടില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്.

അതേസമയം ചട്ട വിരുദ്ധമായി വാഹനങ്ങളിൽ രൂപവ്യത്യാസം വരുത്തുന്നവർക്കെതിരെ നടപടിയാവശ്യപ്പെട്ട് ഹൈക്കോടതി സ്വമേഥായ എടുത്ത കേസ് ഇന്ന് പരിഗണിക്കും. വയനാട്ടിൽ നമ്പർ പ്ലേറ്റില്ലാത്ത ജീപ്പ് പൊതു നിരത്തിൽ ഓടിച്ച ക്രിമിനൽ കേസ് പ്രതി ആകാശ് തില്ലങ്കേരിക്കെതിരെ സ്വീകരിച്ച നടപടികൾ ചിത്രങ്ങൾ സഹിതം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.