Sports

ചാമ്പ്യൻസ് ട്രോഫി കളിക്കാൻ ഇന്ത്യ പാകിസ്താനിലേക്കില്ല? ടീമിനെ അയക്കില്ലെന്ന് BCCI

Spread the love

ഐസിസി ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്കായി ഇന്ത്യൻ‌ ടീം പാകിസ്താനിലേക്ക് യാത്ര ചെയ്യില്ലെന്ന് റിപ്പോർട്ട്. ടീമിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചതായാണ് വിവരം. ദുബായിലോ ശ്രീലങ്കയിലോ മത്സരം നടത്തണമെന്ന് ഐസിസിയോട് ബിസിസിഐ ആവശ്യപ്പെട്ടെന്ന് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ഏഷ്യാ കപ്പിൻറെ മാതൃകയിൽ ഇന്ത്യയുടെ മത്സരങ്ങൾ ഹൈബ്രിഡ് മാതൃകയിൽ നടത്തണമെന്നാണ് ബിസിസിഐയുടെ ആവശ്യം. എന്നാൽ ബിസിസിഐയുടെ എതിർപ്പിനെ തുടർന്ന് ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ ലാഹോറിൽ മാത്രം നടത്താമെന്ന് പാക് ക്രിക്കറ്റ് ബോർഡ് നിർദേശം മുന്നോട്ടുവെച്ചിരുന്നു. സുരക്ഷ മുൻ നിർത്തിയായിരുന്നു പാക് ക്രിക്കറ്റ് ബോർഡ് ഇത്തരമൊരു നിർദേശം നൽകിയത്. ഇതിനോടും ബിസിസിഐ അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്.

അടുത്ത വർഷം ഫെബ്രുവരിയിലാണ് ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിനായി പാകിസ്താൻ വേദിയാകുന്നത്. ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പത് വരെ നടക്കുന്ന ടൂർണമെൻറിൻറെ മത്സരക്രമം പാക് ക്രിക്കറ്റ് ബോർഡ് ഐസിസിക്ക് കൈമാറിയിരുന്നു. ഇതനുസരിച്ച് മാർച്ച് ഒന്നിന് ലാഹോറിലാണ് ഇന്ത്യ-പാകിസ്താൻ മത്സരം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. 2008 ന് ശേഷം ഇന്ത്യ പാക്കിസ്ഥാനിൽ പര്യടനം നടത്തിയിട്ടില്ല. രാഷ്ട്രീയ കാരണങ്ങളാലാണ് ഇത്തരത്തിലൊരു നിലപാട് ബിസിസിഐ സ്വീകരിച്ചിരിക്കുന്നത്.