Kerala

വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത നടപടി; ഗുരുദേവ കോളജിലെ പ്രിൻസിപ്പലിനോട് വിശദീകരണം തേടി, ഉടനടി നൽകിയെന്ന് മറുപടി

Spread the love

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷത്തിൽ നാലു വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രിൻസിപ്പൽ സുനില്‍ ഭാസ്ക്കറിന്റെ വിശദീകരണം തേടി സർവകലാശാല. സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥികൾ നൽകിയ പരാതിയിലാണ് സർവകലാശാല പ്രിൻസിപ്പലിന്റെ വിശദീകരണം തേടിയത്. അതേസമയം, വിശദീകരണം തേടി ഇന്നലെ കത്ത് കിട്ടിയതായി പ്രിൻസിപ്പൽ പ്രതികരിച്ചു. ഉടനടി വിശദീകരണം നൽകുകയും ചെയ്തുവെന്നും പ്രിൻസിപ്പൽ പറഞ്ഞു.

സസ്പെന്‍ഷന്‍ നടപടി ചട്ടവിരുദ്ധമാണെന്ന് കാണിച്ചാണ് വിദ്യാർത്ഥികൾ വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും പരാതി നല്‍കിയത്. അതേ സമയം കോളേജിലേക്ക് നടത്തിയ മാര്‍ച്ചില്‍ എസ്എഫ്ഐ നേതാവ് നടത്തിയ ഭീഷണി പ്രസംഗത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. പൊലീസിന്‍റെ സാന്നിധ്യത്തില്‍ ഭീഷണി മുഴക്കിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് കാട്ടിയാണ് കോടതിയെ സമീപിക്കുക.