National

യുജിസി നെറ്റ് ചോദ്യപേപ്പർ ചോർന്നതിന് തെളിവില്ലെന്ന് ആവർത്തിച്ച് സിബിഐ; ഹർജികൾ പരിഗണിക്കുന്നത് 18 ലേക്ക് മാറ്റി

Spread the love

ദില്ലി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ഹർജികളിൽ വാദം അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി സുപ്രീംകോടതി. ചോദ്യപേപ്പർ ജാർഖണ്ഡിൽ നിന്നാണ് ചോർന്നതെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേന്ദ്രവും സിബിഐയും അടക്കം സമർപ്പിച്ച റിപ്പോർട്ടുകൾ എതിർകക്ഷികൾക്ക് നൽകാൻ കോടതി നിർദ്ദേശിച്ചു.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നാൽപതാമത്തെ കേസ് ആയിട്ടാണ് നീറ്റ് ഹർജികൾ ഇന്ന് പരിഗണിക്കാനിരുന്നത്. എന്നാൽ ഉച്ചവരെ മാത്രമേ കോടതി നടപടികൾ ഉണ്ടായൊള്ളൂ. ഇതോടെ ആദ്യം നാളേക്കും പിന്നീട് തിങ്കളാഴ്ച്ചത്തേക്കും ഹർജികൾ മാറ്റി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കോടതിയിൽ ഹാജരാകാനാവില്ലെന്ന് സോളിസിറ്റർ ജനറൽ അറിയിച്ചതോടെ വാദം വ്യാഴ്ച്ചത്തേക്ക് മാറ്റി. ഇതിന് മുന്നോടിയായി കേന്ദ്രവും, എൻടിഎയും, സിബിഐയും നൽകിയ റിപ്പോർട്ടുകളിൽ എതിർകക്ഷികൾ മറുപടി നൽകണം. നീറ്റിൽ ചോദ്യപേപ്പർ ചോർന്നത് ഝാർഖണ്ടിലെ സ്കൂളിലേക്ക് കൊണ്ടുപോകും വഴിയെന്ന് സിബിഐ കോടതിയെ അറിയിച്ചു.

50 ലക്ഷം വരെ വാങ്ങി ബീഹാറിലെ വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പർ എത്തിച്ചു. സ്കൂൾ അധികൃതർ ഇക്കാര്യം സമയത്ത് എൻടിഎയെ അറിയിച്ചില്ലെന്നും വിവരം അറിഞ്ഞ ശേഷം എൻടിഎയും തെളിവുകൾ മറച്ചു വച്ചെന്നും സിബിഐ വ്യക്തമാക്കുന്നു. അതേസമയം യുജിസി നെറ്റ് ചോദ്യപേപ്പർ ചോർന്നതിന് തെളിവില്ലെന്ന് സിബിഐ കോടതിയില്‍ പറയുന്നു. പുനഃപരീക്ഷയെ എതിർക്കുന്ന നിലപാടാണ് കേന്ദ്രവും എൻടിഎയും കോടതിയെ അറിയിച്ചത്. ക്രമക്കേട് നടന്നത് ചിലയിടങ്ങളിൽ മാത്രമെന്നാണ് വിശദീകരണം. ഉയർന്ന റാങ്കുകാരും അവർ പരീക്ഷ എഴുതിയ നഗരങ്ങളും വ്യക്തമാക്കുന്ന ചാർട്ടും കേന്ദ്രം സമർപ്പിച്ചു.

ആദ്യ ആയിരം ഉയർന്ന റാങ്ക് നേടിയവരിൽ രാജസ്ഥാനിലെ ശിക്കാർ, കോട്ട നഗരങ്ങളിൽ നിന്ന് പരീക്ഷ എഴുതിയവരാണ് കൂടുതൽ, മൂന്നാം സ്ഥാനത്ത് കോട്ടയമാണ്. കോച്ചിംഗ് സെൻ്റുകൾ കൂടുതൽ പ്രവർത്തിക്കുന്നതിനാലാണ് ഇവിടെ വിദ്യാർത്ഥികളുടെ എണ്ണം കൂടുന്നുതെന്നാണ് വിശദീകരണം. എന്നാൽ ആരോപണം ഉയർന്ന പാറ്റ്നയിൽ ഉയർന്ന റാങ്കുകാരുടെ എണ്ണം കഴിഞ്ഞ തവണത്തെക്കാള്‍ കുറഞ്ഞെന്നും കേന്ദ്രം വ്യക്തമാക്കി. വിഷയം തണുപ്പിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി നീറ്റ് പരീക്ഷ എഴുതിയ വിദ്യാർത്ഥികളുമായി ചർച്ച നടത്തി.