Kerala

പരിപാടിയ്ക്കിടെ ശബ്ദമുണ്ടാക്കിയതിന് ഓട്ടിസം ബാധിതനായ കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി; പ്രിന്‍സിപ്പലിനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍

Spread the love

തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്റ് സ്‌കൂളിലെ പ്രിന്‍സിപ്പലിനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍. ഓട്ടിസം ബാധിതനായ വിദ്യാര്‍ത്ഥിയെ പുറത്താക്കിയതിനാണ് കേസെടുത്തത്. സംഭവത്തില്‍ ഡിഇഒ രണ്ടാഴ്ചകകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. പൊതുപരിപാടിയ്ക്കിടെ കുട്ടി ശബ്ദമുണ്ടാക്കിയെന്ന് പറഞ്ഞാണ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയത്. സ്‌കൂളിനും പ്രിന്‍സിപ്പലിനും സഭവത്തില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചെന്നാണ് മനുഷ്യാവകാശ കമ്മിഷന്‍ നിരീക്ഷിക്കുന്നത്.

അച്ചടക്കം ലംഘിച്ചെന്ന കാരണം പറഞ്ഞ് കുട്ടിയുടെ ടി സി ഉടന്‍ വാങ്ങണമെന്ന് സ്‌കൂള്‍ അധികൃതര്‍ കര്‍ശനമായി കുട്ടിയുടെ മാതാപിതാക്കളോട് നിര്‍ദേശിക്കുകയായിരുന്നു. മൂന്നുമാസത്തിനകം സ്‌കൂള്‍ മാറാമെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞെങ്കിലും അതിനും സ്‌കൂള്‍ അധികൃതര്‍ സമ്മതിച്ചില്ലെന്നും പരാതിയുണ്ട്. ഒരാഴ്ചത്തെ സമയം മാത്രമാണ് സ്‌കൂള്‍ അധികൃതര്‍ അനുവദിച്ചത്.

ഈ കുട്ടി സ്‌കൂളില്‍ തുടര്‍ന്നാല്‍ മറ്റുകുട്ടികള്‍ സ്‌കൂളില്‍ വരില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞതായി മനുഷ്യാവകാശ കമ്മിഷന്‍ കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം ഡിഇഒ സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും രണ്ടാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചു.