Wednesday, April 23, 2025
National

വിരലിലെണ്ണാവുന്ന ഒഴിവുകൾ, അഭിമുഖത്തിന് നൂറ് കണക്കിനാളുകൾ; ജോലിക്കായി ഗുജറാത്തിൽ കൂട്ടയിടി

Spread the love

സ്വകാര്യ കെമിക്കൽ ഫാക്ടറിയിലെ ജോലിക്കായി ഗുജറാത്തിലെ ഹോട്ടലിൽ വ്യക്തിഗത അഭിമുഖത്തിനെത്തിയത് നൂറ് കണക്കിന് യുവാക്കൾ. ഗുജറാത്തിലെ അങ്ക്ലേശ്വർ എന്ന സ്ഥലത്ത് ഹോട്ടൽ ലോർഡ്സ് പ്ലാസയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സ്വകാര്യ കെമിക്കൽ ഫാക്ടറിയിലേക്കുള്ള അഞ്ച് ഒഴിവുകളിലേക്കാണ് ഹോട്ടലിൽ വെച്ച് അഭിമുഖം നടന്നത്.

ഫാക്ടറിയിൽ ഷിഫ്റ്റ് ഇൻ ചാർജ്, പ്ലാൻ്റ് ഓപ്പറേറ്റർ, സൂപ്പർവൈസർ, ഫിറ്റർ-മെക്കാനിക്കൽ, എക്സിക്യുട്ടീവ് തുടങ്ങിയ സ്ഥാനങ്ങളിലേക്കായിരുന്നു നിയമനം. സംസ്ഥാനത്ത് ഏറെ പ്രശസ്തിയാർജ്ജിച്ച സ്ഥാപനത്തിലേക്കാണ് അഭിമുഖം നടന്നതെന്നാണ് വിവരം. ഗുജറാത്തിൽ തന്നെ 10 ഇടത്ത് ഇവർ അഭിമുഖം നടത്തിയിരുന്നു. പത്ത് സ്ഥലത്തും നിരവധി പേർ അഭിമുഖത്തിന് എത്തിയിരുന്നു.

കെമിക്കൽ എഞ്ചിനീയറിങ് ബിരുദധാരികളും ഐടിഐ പാസായവരും അടക്കം നിരവധി പേരാണ് ഹോട്ടലിൽ തൊഴിൽ തേടി എത്തിയത്. അഭിമുഖത്തിനായി ഹോട്ടൽ മുറിയിൽ ആദ്യം പ്രവേശിക്കാനായി വരിനിന്നവർ തമ്മിൽ തിക്കിത്തിരക്കി. ഹോട്ടലിലെ പ്രവേശന ഭാഗത്തുള്ള ചരിഞ്ഞ പ്രതലത്തിൽ ഉദ്യോഗാർത്ഥികൾ വരിയിൽ തുടരാൻ നടത്തുന്ന ശ്രമം മറ്റൊരു ഉദ്യോഗാർത്ഥി മൊബൈലിൽ പകർത്തുകയായിരുന്നു. സംഭവം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അഭിമുഖത്തിലെ തിക്കും തിരക്കും സംബന്ധിച്ച് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.