National

കൂട്ടത്തോൽവിയുടെ കണക്ക് പുറത്ത്: ഒൻപതാം ക്ലാസിൽ തോറ്റത് 1 ലക്ഷം കുട്ടികൾ, പ്ലസ് വണിൽ അരലക്ഷം; ഡൽഹിയിൽ വിവാദം

Spread the love

ഇക്കഴിഞ്ഞ അക്കാദമിക് വർഷത്തിൽ ഡൽഹിയിലെ സർക്കാർ സ്കൂളുകളിൽ ഒരു ലക്ഷത്തിലേറെ കുട്ടികൾ ഒൻപതാം ക്ലാസിലെ വാർഷിക പരീക്ഷയിൽ തോറ്റു. മുൻ വർഷത്തെ അപേക്ഷിച്ച് 15 ശതമാനം വർധനവാണ് പരാജയപ്പെട്ടവരുടെ എണ്ണത്തിലുണ്ടായത്. എട്ടാം ക്ലാസിലെ വാർഷിക പരീക്ഷയിൽ 46622 പേരും 11ാം ക്ലാസിലെ വാർഷിക പരീക്ഷയിൽ 51914 പേരും ജയിച്ചില്ല. വിവരാവകാശ നിയമപ്രകാരം ഡൽഹി വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് വിവരം പുറത്തുവിട്ടത്.

ഒൻപതാം ക്ലാസിൽ 2023 ലെ പരീക്ഷയിൽ 88409 പേർ തോറ്റിരുന്നു. 2022 ൽ 28531 പേരും 2021 ൽ 31540 വിദ്യാർത്ഥികളും പരാജയപ്പെട്ടു. 11ാം ക്ലാസിൽ 2023 ൽ 54755 വിദ്യാർത്ഥികളാണ് പരാജയപ്പെട്ടത്. 2022 ൽ 7246 പേരും 2021 ൽ 2169 പേരുമാണ് പരീക്ഷകളിൽ പരാജയപ്പെട്ടിരുന്നത്.

നേരത്തെ ഡൽഹിയിൽ പൊതുവിദ്യാഭ്യാസ നയത്തിൽ 2009 ൽ മാറ്റം വന്നിരുന്നു. എട്ടാം ക്ലാസ് വരെ വാർഷിക പരീക്ഷകളില്ലാതെ സ്വയമേ സ്ഥാനക്കയറ്റം നൽകുന്നതായിരുന്നു 2009 ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 2010 ൽ വന്ന നയം. എന്നാൽ പാർലമെൻ്റ് പാസാക്കിയ നിയമം ഡൽഹിയിലെ നോ ഡിറ്റൻഷൻ എന്ന് വിളിക്കപ്പെട്ടിരുന്ന നിയമത്തെ അസാധുവാക്കി. ഇതോടെയാണ് 2022 മുതൽ ഡൽഹിയിൽ സ്ഥാനക്കയറ്റം സ്വയമേ നൽകുന്നത് അവസാനിപ്പിച്ചത്.

ഇക്കഴിഞ്ഞ വാർഷിക പരീക്ഷയിൽ അഞ്ച് മുതൽ എട്ട് വരെ ക്ലാസിലുള്ള വിദ്യാർത്ഥികൾക്ക് ഓരോ വിഷയത്തിലും 33 ശതമാനം മാർക്കും മിഡ് ടേം പരീക്ഷയിലും വാർഷിക പരീക്ഷയിലും 25 ശതമാനം വീതമെങ്കിലും മാർക്ക് ഉണ്ടെങ്കിലേ ഉയർന്ന ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കൂവെന്ന വ്യവസ്ഥ നിലവിൽ വന്നിരുന്നു. ഇങ്ങനെ പരീക്ഷയിൽ തോൽക്കുന്നവർക്ക് പണ്ട് മാസത്തിനുള്ളിൽ പുനഃപ്പരീക്ഷ എഴുതാൻ അവസരമുണ്ട്. അതിലും തോറ്റാൽ മാത്രമാണ് ഒരു വർഷം കൂടെ പഴയ ക്ലാസിൽ തന്നെ ഇരിക്കേണ്ടി വരുന്നത്. അതേസമയം ഡൽഹിയിലെ സ്കൂളുകളിലെ അധ്യാപന രീതികൾക്കും ഗുണനിലവാരത്തെ കുറിച്ചും വിമർശനങ്ങൾ ഉയരാൻ ഉയർന്ന പരാജയ നിരക്ക് കാരണമായിട്ടുണ്ട്.

Read more on: