അടിമാലിയിൽ 5 യുവാക്കൾ, എക്സൈസ് എത്തി പൊക്കിയപ്പോൾ കൈവശം മെത്താഫിറ്റമിനും ഹാഷിഷ് ഓയിലും; അറസ്റ്റിൽ
അടിമാലി: ഇടുക്കി ജില്ലയിലെ അടിമാലിയിൽ മയക്കുമരുന്നുമായി അഞ്ച് യുവാക്കൾ പിടിയിലായി. നർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ന്യൂജെനറേഷൻ മയക്കുമരുന്നുമായി യുവാക്കളെ പൊക്കിയത്. എറണാകുളം ഇളങ്കുന്നപ്പുഴ സ്വദേശികളായ അജിത്ത് ബാബു, ജോമോൻ കെ ജെ, ആശിഷ് റ്റി എസ്സ്, അഖിൽ പ്രദീപ്, ആശിഷ് കെ എ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആറാം പ്രതി പി.ആർ അനന്ദുരാജിനെ അറസ്റ്റ് ചെയ്തിട്ടില്ല.
പ്രതികളിൽ നിന്നും 10.85 ഗ്രാം മെത്താഫിറ്റമിൻ, 17.375 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ എക്സൈസ് കസ്റ്റഡിയിലെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേന്ദ്രൻ കെ നേതൃത്വം നൽകിയ പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ദിലീപ് എൻ കെ, പ്രിവന്‍റീവ് ഓഫീസർ ബിജു മാത്യു, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് കെ.എം, അബ്ദുൾ ലത്തീഫ് സി എം, എന്നിവർ പങ്കെടുത്തു.
അതിനിടെ മാനന്തവാടിയിൽ എക്സൈസ് സംഘം 10 ലിറ്റർ ചാരായവുമായി ഒരാളെ അറസ്റ്റ് ചെയ്തു. മാനന്തവാടി ചെറുകാട്ടൂർ സ്വദേശി കുട്ടൻ എന്നയാളെയാണ് റേഞ്ച് ഇൻസ്‌പെക്ടർ യേശുദാസൻ പി റ്റിയുടെ നേതൃത്വത്തിൽ പിടികൂടിയത്. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സുനിൽ കെ , എ.ടി.കെ രാമചന്ദ്രൻ, ചന്തു, അജ്ഞു ലക്ഷ്മി എന്നിവർ ഉണ്ടായിരുന്നു. കേരളത്തിൽ നിരോധിച്ച ചാരായം കൈവശം വയ്ക്കുന്നത്, അബ്‌കാരി നിയമപ്രകാരം, 10 വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന, ജാമ്യം കിട്ടാത്ത കുറ്റകൃത്യമാണ്.