Kerala

സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുടെ ഏറ്റുമുട്ടൽ; ഫോൺ ഉപയോഗിക്കാതെ ഒളിവിൽ കഴി‌യുന്നതിനിടെ ഒരു പ്രതികൂടി പിടിയിൽ

Spread the love

കല്‍പ്പറ്റ: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ആയുധങ്ങളുമായി ഗുണ്ടാ സംഘങ്ങള്‍ നടുറോഡില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒരാളെക്കൂടി വൈത്തിരി പോലീസ് പിടികൂടി. മലപ്പുറം മുന്നിയൂര്‍ എ.സി ബസാര്‍ എരഞ്ഞിക്കല്‍ വീട്ടില്‍ ഫൈസലിനെയാണ് (43) വൈത്തിരി പോലീസ് മലപ്പുറത്തെത്തി പിടികൂടിയത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം പന്ത്രണ്ടായി.

ഏറ്റുമുട്ടലില്‍ പ്രതിയായതോടെ ഫൈസല്‍ ഫോണ്‍ ഉപയോഗിക്കാതെ ഒളിവില്‍ കഴിഞ്ഞു വരുകയായിരുന്നു. സബ് ഇന്‍സ്പെക്ടര്‍മാരായ സി. രാംകുമാര്‍, എച്ച്. അഷ്റഫ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷാലു ഫ്രാന്‍സിസ്, ടി. എച്ച് ഉനൈസ്, സിവില്‍ പോലീസ് ഓഫീസര്‍ എഫ്. പ്രമോദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ജൂണ്‍ ഏഴിന് രാവിലെ പൊഴുതന പെരുംങ്കോടയില്‍ വെച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്. മലപ്പുറം സ്വദേശിയായ ശിഹാബില്‍ നിന്ന് പൊഴുതന സ്വദേശി റാഷിദ് മുംബൈയില്‍ വെച്ച് സ്വര്‍ണം തട്ടിയെടുത്തതിലുള്ള വിരോധമാണ് സംഘര്‍ഷത്തിന് കാരണം. ഇത് ചോദിക്കാന്‍ മലപ്പുറത്ത് നിന്നെത്തിയ ശിഹാബും സംഘവുമായാണ് റാഷിദും കൂട്ടാളികളും ഏറ്റുമുട്ടിയത്. റാഷിദ് സഞ്ചരിച്ച കാറിനെ ഏട്ടംഗ സംഘം ഇന്നോവ, സ്വിഫ്റ്റ് കാറുകളിലായി പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തി ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.

അതേ സമയം, റാഷിദിന്റെ കൂട്ടാളികളും മാരകായുധങ്ങളുമായി സ്ഥലത്തെത്തുകയും ഇരു കൂട്ടരും തമ്മില്‍ പരസ്പരം ഏറ്റുമുട്ടുകയുമായിരുന്നു. ഒടുവില്‍, ഇന്നോവ സ്വിഫ്റ്റ് കാറുകളിലെത്തിയ സംഘം പിന്‍വലിഞ്ഞു രക്ഷപ്പെട്ടു. സ്വിഫ്റ്റ് കാര്‍ ഓടിച്ചിരുന്ന എന്‍.ടി ഹാരിസിനെ റാഷിദും സംഘവും ഡ്രൈവര്‍ സീറ്റില്‍ നിന്നും വലിച്ചിറക്കി കാര്‍ തകര്‍ത്തു. തുടര്‍ന്ന്, ഹാരിസിനെ കാറില്‍ കയറ്റിക്കൊണ്ട് പോയി ആളൊഴിഞ്ഞ തേയിലത്തോട്ടത്തിലെത്തിച്ച് ഇരുമ്പ് വടിയടക്കമുള്ള ആയുധങ്ങളുപയോഗിച്ച് അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവം വിശദമായി അന്വേഷിക്കുകയാണ് വൈത്തിരി പോലീസ്. ഇതിനിടെയാണ് 12 പ്രതികള്‍ അറസ്റ്റിലായിട്ടുള്ളത്.
കേസില്‍ ഇതുവരെ പിടിയിലായവരുടെ വിവരങ്ങള്‍
പൊഴുതന സ്വദേശികളായ അമ്പലകളപുരയ്ക്കല്‍ റാഷിദ് (31), പാറക്കുന്ന്, നിലാപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് ഷമീര്‍ (34), കരിയാട്ട്പുഴില്‍ ഇബ്രാഹിം (38), തനിയാട്ടില്‍ വീട്ടില്‍ നിഷാം (32), പട്ടര്‍ മഠം വീട്ടില്‍ മുബഷിര്‍ (31), ഒളിയമട്ടത്തില്‍ വീട്ടില്‍ സൈജു (41), മലപ്പുറം അരീക്കോട്, മൂര്‍ക്കനാട്, നടുത്തൊടിക വീട്ടില്‍ എന്‍.ടി. ഹാരിസ് (29), അരീക്കോട്, കരിക്കാടന്‍ വീട്ടില്‍ ഷറഫൂദ്ദീന്‍ (38), കരിക്കാടന്‍ വീട്ടില്‍ കെ.കെ. ഷിഹാബ്ദീന്‍ (35), ഉരങ്ങാട്ടേരി, കാരാത്തോടി വീട്ടില്‍ കെ.ടി. ഷഫീര്‍ (35) വണ്ടൂര്‍, കരിപ്പത്തൊടിക വീട്ടില്‍ താജ് റഹീം (34). ഇതില്‍ താജ് റഹീമിനെ ഇക്കഴിഞ്ഞ ജൂണ്‍ 19ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. വിദേശത്തേക്ക് കടക്കാനൊരുങ്ങിയതായിരുന്നു.