ജോധ്പൂർ ഐഐടിയിൽ ബി.ടെക് ഹിന്ദിയിലും പഠിപ്പിക്കും; ആശങ്ക അറിയിച്ച് അക്കാദമിക് വിദഗ്ധർ
ഇംഗ്ലീഷിനൊപ്പം ഹിന്ദിയിലും ബി.ടെക് പഠിപ്പിക്കുമെന്ന് ഐഐടി ജോധ്പൂർ. ഇതോടെ ഇരുഭാഷയിലും ജനപ്രിയ ബി.ടെക് കോഴ്സുകൾ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ സ്ഥാപനമായി ഐഐടി ജോധ്പൂർ. ഹിന്ദിയിൽ ബിടെക് എന്ന ആശയത്തെ നിരവധി അക്കാദമിക് വിദഗ്ധർ സ്വാഗതം ചെയ്തു. എന്നാൽ ഹിന്ദിയിലുള്ള പഠന സാമഗ്രികളുടെയും ഈ ഭാഷയിൽ പഠിപ്പിക്കാൻ പരിശീലനം ലഭിച്ച ഫാക്കൽറ്റിയുടെ അഭാവവും കാരണം അധ്യാപനത്തിൻ്റെയും പഠനത്തിൻ്റെയും ഗുണനിലവാരത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും വിദഗ്ധർ പറയുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എക്സിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. ഈ അധ്യയന വർഷംമുതൽ ഹിന്ദിയിലും ഇംഗ്ലീഷിലും ബി.ടെക് കോഴ്സുകൾ ബി.ടെക് പഠിക്കാമെന്നും ഇതുവഴി വിദ്യാർഥികൾക്ക് സൗകര്യപ്രദമായ ഭാഷയിൽ പഠിക്കാമെന്നും പോസ്റ്റിൽ പറയുന്നു. സ്ഥിരതയും ഗുണനിലവാരവും ഉറപ്പാക്കുന്നതിന് രണ്ട് മീഡിയത്തിലും ഒരേ അധ്യാപകരാവും പഠിപ്പിക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി.
ഹിന്ദിയിലും മറ്റ് ഇന്ത്യൻ ഭാഷകളിലും എൻജിനീയറിങ് കോഴുസുകൾ പഠിപ്പിക്കാനുള്ള നടപടികൾ ആരംഭിക്കാൻ നാല് വർഷമായി വിദ്യാഭ്യാസ വകുപ്പ് സാങ്കേതിക സ്ഥാപനങ്ങളോട് ആവശ്യപ്പെടുന്നുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിൽ എല്ലാ കോഴ്സുകളും ഇന്ത്യൻ ഭാഷകളിൽ പഠിപ്പിക്കുന്നതിന് ഊന്നൽ നൽകിയിട്ടുണ്ട്. മാതൃഭാഷയിൽ പഠിക്കുന്നത് നല്ലതാണെന്ന അഭിപ്രായം പല അധ്യാപകർക്കുമുണ്ടെങ്കിലും ഐഐടികളിൽ വിദേശ പ്രസാധകരുടെ പുസ്തകങ്ങളാണ് അധികവും പിന്തുടരുന്നത്. എന്നാൽ ഇവയൊന്നും ഇന്ത്യൻ ഭാഷകളിലേക്ക് തർജ്ജമ ചെയ്തിട്ടില്ല. മാത്രവുമല്ല ഹിന്ദി ഉൾപ്പടെയുള്ള പ്രാദേശിക ഭാഷകളിൽ പഠിപ്പിക്കുന്നതിന് നിലവിലുള്ള അധ്യാപകർക്ക് പരിശീലനം നൽകിയിട്ടില്ല. ഇംഗ്ലീഷിൽ മാത്ര പഠിപ്പിച്ച് ശീലമുള്ള അധ്യാപകർക്ക് പെട്ടെന്ന് മറ്റൊരു ഭാഷയിലേക്ക് അധ്യാപനം മാറ്റുന്നതിനും പ്രയാസമുണ്ടാകും.
എൻജിനീയറിങ് കോഴ്സുകൾ നടത്താൻ കോളേജുകൾക്ക് അംഗീകാരം നൽകുന്ന ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷൻ (എഐസിടിഇ) ഹിന്ദി ഉൾപ്പെടെ 11 ഇന്ത്യൻ ഭാഷകളിൽ ബിടെക് നൽകാൻ അംഗീകൃത സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്.